തിരുവനന്തപുരം: ഹാരിസണ്‍ മലയാളം ലിമിറ്റഡ് കയ്യേറിയ നാല് ജില്ലകളിലെ 29185 ഏക്കര്‍ ഭൂമി സ്‌പെഷ്യല്‍ ഓഫീസറും എറണാകുളം കളക്ടറുമായ എം.ജി.രാജമാണിക്യം ഏറ്റെടുത്തു. ഇതുസംബന്ധിച്ച ഉത്തരവ് ഹാരിസണ്‍ പ്രതിനിധികള്‍ക്ക് കൈമാറി.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരള ഭൂസംരക്ഷണ ആക്ട് 1957 റൂള്‍ 58 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഭൂമിയാണ് ഏറ്റെടുത്തത്. സ്‌പെഷ്യല്‍ ഓഫീസറുടെ പ്രവര്‍ത്തനത്തിനെതിരെ ഹാരിസണ്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം സ്ഥാപിച്ച ശേഷം ഭൂമി ഏറ്റെടുക്കാമെന്ന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഹാരിസന്റെ ഉള്‍പ്പെടെ 62600 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് കാട്ടി കഴിഞ്ഞ ദിവസം രാജമാണിക്യം ഉത്തരവിറക്കിയിരുന്നു. പിന്നീട് ഭൂമി ഏറ്റെടുത്തതായി കാണിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ഒരു മാസം ഹാരിസണ് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. ലാന്റ് റവന്യൂ കമ്മീഷണര്‍ക്കോ സര്‍ക്കാരിനോ അപ്പീല്‍ നല്‍കാം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാം. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസറുടെ 25 ഓളം ആക്ടുകളും റൂളുകളും കോടതി വിധികളും വ്യാഖ്യാനിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ മുമ്പാകെ ചോദ്യം ചെയ്യുന്നതിനാവശ്യമായ യാതൊരു രേഖകളും ഹാരിസണിന്റെ കൈവശമില്ല. കോടതിയെ സമീപിച്ച് പരമാവധി ഏറ്റെടുപ്പിക്കല്‍ വൈകിക്കാനാണ് ഹാരിസണ്‍ ലക്ഷ്യമിടുന്നത്.
കൊല്ലംജില്ലയിലെ തെന്മല, ആര്യങ്കാവ് വില്ലേജുകളിലും പത്തനംതിട്ട ജില്ലയിലെ പെരുനാട്, മലയാലപ്പുഴ, അരുവാപ്പുലം വില്ലേജുകളിലെയും കോട്ടയം ഇടക്കുന്നം, എരുമേലി നോര്‍ത്ത് വില്ലേജുകളിലെയും ഇടുക്കി കോടിക്കുളം, കണ്ണന്‍ദേവന്‍ഹില്‍സ്, രാജകുമാരി, ചിന്നക്കനാല്‍, പെരിയാര്‍, പീരുമേട്, പൂപ്പാറ വില്ലേജുകളിലുമായുള്ള 29815 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്.
കൊല്ലം തെന്മല നാഗമല എസ്റ്റേറ്റ് (1376 ഏക്കര്‍) ഇസ്ഫീല്‍ഡ് എസ്റ്റേറ്റ് (571) മിഡ്‌ലോത്തിയന്‍ എസ്‌റ്റേറ്റ് ( 437) നമ്പ്യാര്‍ എസ്റ്റേറ്റ് (162), കുറവന്‍ താവളം എസ്റ്റേറ്റ് (1230), എന്നിവ ഏറ്റെടുത്തിട്ടുണ്ട്. ആര്യങ്കാവ് വില്ലേജില്‍ വെഞ്ച്വര്‍ എസ്റ്റേറ്റ് (407) ഫ്‌ളോറന്‍സ് എസ്‌റ്റേറ്റ് (16), ലിറ്റില്‍ ആനചാടി (225), നെടുമ്പാറ (231), ന്യൂ മൗര്യപഞ്ചന്‍ (43) ചിന്നകുലരാത്തി (53), എ ആന്റ് ബി ബ്ലോക്ക് (711), ന്യൂസ്വര്‍ണഗിരി (208), ഫ്‌ളോറന്‍സ് 2 (38), വെഞ്ച്വര്‍ 2 (39), തുരുത്തി ( 123), ന്യൂപഞ്ചമല (3) എന്നിവ ഏറ്റെടുത്തവയിലുണ്ട്.
പത്തനംതിട്ടയില്‍ കോഴഞ്ചേരി അരുവാപ്പുലം വില്ലേജില്‍ 2632 ഏക്കര്‍ വരുന്ന കോന്നി എസ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. പെരുനാട് വില്ലേജിലെ ളാഹ, പെരുമണ്‍ എസ്റ്റേറ്റുകളിലെ 2680.40 ഏക്കര്‍ ഭൂമിയും മലയാലപ്പുഴ വില്ലേജിലെ കുമ്പഴ എസ്റ്റേറ്റിലെ 2500 ഏക്കറും കോട്ടയം ഇടക്കുന്നം, എരുമേലി നോര്‍ത്ത് വില്ലേജുകളില്‍പ്പെടുന്ന മുണ്ടക്കയം എസ്റ്റേറ്റിലെ 1381 ഏക്കറും ഏറ്റെടുത്തു.
ഇടുക്കി കോടിക്കുളം വില്ലേജിലെ കാളിയാര്‍ (1490), കെഡിഎച്ച് വില്ലേജിലെ ലോക്ക് ഹാര്‍ട്ട് (1697), രാജകുമാരിയിലെ സൂര്യനെല്ലി( 673), ചിന്നക്കനാല്‍ വില്ലേജിലെ സൂര്യനെല്ലി (1614) പൂപ്പാറ വില്ലേജിലെ തോണ്ടിമല, മുടക്കാട്, ആനയിറങ്കല്‍, ചിന്നക്കനാല്‍ എസ്‌റ്റേറ്റ് (787) പൂപ്പാറ എസ്റ്റേറ്റ് (364), പീരുമേട് പട്ടുമലൈ (716), പെരിയാര്‍ വില്ലേജില്‍പ്പെട്ട വാളാര്‍ഡി , പ്ലാക്കാട്, അരണക്കുടി, മുങ്കലാര്‍, പശുമല ഡൈമോക് എസ്‌റ്റേറ്റുകളില്‍പ്പെട്ട 6315 ഏക്കര്‍ എന്നിവ ഏറ്റെടുത്ത ഭൂമിയില്‍പ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: