എരുമേലി: ശബരിമല തീര്ത്ഥാടനത്തിന്റേതടക്കം വരുന്ന ടണ്‍കണക്കിന് ഖരമാലിന്യങ്ങള്‍ സംസ്കരിക്കേണ്ട പഞ്ചായത്തു വക കൊടിത്തോട്ടം മാലിന്യ സംസ്കരണ പ്ലാന്റ് തകര്‍ന്നതുമൂലം അടച്ചു. തീര്‍ത്ഥാടനത്തിനു മുന്നോടിയായി യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് പ്ലാന്റ് പൂര്‍ണമായും തകരാന്‍ കാരണമെന്നും പഞ്ചായത്തിന്റെ കടുത്ത അനാസ്ഥയാണിതെന്നും നാട്ടുകാര്‍ പറയുന്നു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 35ലക്ഷം രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. എരുമേലിയിലെ ഏറ്റവുമധികം പ്രതിസന്ധിയുണ്ടാക്കുന്ന ഖരമാലിന്യ സംസ്കരണത്തെ സംബന്ധിച്ച് പഞ്ചായത്തധികൃതര്‍ യാതൊരു വിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
എരുമേലിയിലുണ്ടാകുന്ന പ്ലാസ്റ്റിക് അടക്കമുള്ള ടണ്‍ കണക്കിന് ഖരമാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള പഞ്ചായത്തിലെ ഏക പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മാലിന്യം റോഡരികിലിട്ട് കത്തിക്കുകയാണിപ്പോള്‍. ടൗണുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതും കത്തിക്കുന്നതും സമീപവാസികള്ക്കെന്നപോലെ ഗുരുതരമായ ആരോഗ്യ പരിസര മലിനീകരണത്തിനാണ് വഴിയൊരുക്കിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
മാലിന്യങ്ങള്‍ കത്തിക്കുന്ന പ്ലാന്റിന്റെ അടിത്തട്ട് പൂര്‍ണമായും ദ്രവിച്ചിട്ട് മാസങ്ങളായെന്നും വിവരമറിയിച്ചിട്ടും യഥാസമയം നന്നാക്കാന്‍ ബനധപ്പെട്ട ഉദ്യോഗസഥരോ ഭരണസമിതിയോ തയ്യാറായില്ലെന്നും തൊഴിലാളികളും പറയുന്നു. രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് മുമ്പ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതാണെന്നും റോഡില്‍ മാലിന്യങ്ങള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നതെന്നും പഞ്ചായത്തിലെ ജീവനക്കാരും നാട്ടുകാരും പറയുന്നു.
കൊടിത്തോട്ടം മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ തീര്‍ത്ഥാടനം മാലിന്യ ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ മാലന്യ സംസ്കരണ നടപടിയില്‍ കടുത്ത അനാസ്ഥ കാട്ടിയ പഞ്ചായത്ത് അധികൃതരുടെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തെയും തീര്‍ത്ഥാടകരെയും ജനങ്ങളെയും വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും അനാസ്ഥ കാട്ടിയവര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കൊടിത്തോട്ടം പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്ത് മുമ്പ് പതിനായിരക്കണക്കിനു രൂപയാണ് ചെലവഴിച്ചിരുന്നത്. എന്നാല്‍ അതും ഫലപ്രദമാകാത്തതിന്റെ പേരില്‍ കവുങ്ങുംകുഴിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു തുടങ്ങിയ പ്ലാന്റും എങ്ങുമെത്തിയില്ല. ശബരിമല തീര്‍ത്ഥാടനമടക്കം എരുമേലിയിലുണ്ടാകുന്ന ഖരമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ശാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: