ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
ന്യൂദല്‍ഹി: ത്രിപുരയിലെ ഇടതുപക്ഷ മന്ത്രിസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നത് തടയാനുള്ള സിപിഎം ദേശീയനേതൃത്വത്തിന്റെ ശ്രമം വിഫലമായി. മോദി തന്റെ കാബിനറ്റംഗങ്ങളെ കണ്ടാല്‍ എന്താണെന്ന മറുചോദ്യവുമായി ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയതോടെ സിപിഎം ദേശീയനേതൃത്വം നാണംകെട്ടു.
ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പിബി അംഗങ്ങളായ എസ്. രാമചന്ദ്രന് പിള്ളയും എം.എ. ബേബിയും പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് അഗര്‍ത്തലയിലെത്തിയ മോദി ത്രിപുര മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് മണിക് സര്‍ക്കാരിനെയും സഹമന്ത്രിമാരെയും അഭിസംബോധന ചെയ്തു. സദ്ഭരണമായിരുന്നു വിഷയം.
മോദിയെ മന്ത്രിസഭാംഗങ്ങള്‍ ഗസ്റ്റ്ഹൗസില്‍ ചെന്നുകണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെപ്പറ്റി നിവേദനം നല്‍കുക മാത്രമേയുള്ളുവെന്ന് എസ്. രാമചന്ദ്രന് പിള്ള ഇന്നലെ രാവിലെ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കാണാനെത്തിയ മന്ത്രിമാരോട് മോദി എന്തെങ്കിലും പറയുമായിരിക്കും. അതു മന്ത്രിമാര്‍ കേള്‍ക്കുകയും ചെയ്യും. അല്ലാതെ മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടില്ല, രാമചന്ദ്രന്‍പിള്ള പറഞ്ഞു.
എന്നാല്‍ സിപിഎം ദേശീയനേതാക്കളുടെ പ്രതികരണങ്ങളോട് അതിരൂക്ഷമായ ഭാഷയിലാണ് മുതിര്‍ന്ന പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മണിക് സര്‍ക്കാര്‍ പ്രതികരിച്ചത്. തന്റെ മന്ത്രിസഭയില്‍ പ്രസംഗിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതില്‍ എന്തു തെറ്റാണുള്ളതെന്ന് മണിക് സര്‍ക്കാര്‍ ചോദിച്ചു. ഇതു ത്രിപുരയില്‍ പുതിയ കാര്യമല്ല. പ്രധാനമന്ത്രി സംസ്ഥാനത്തെത്തുകയാണ്. അതുകൊണ്ടാണ് മന്ത്രിസഭയെ അഭിസംബോധനചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിച്ചത്. അദ്ദേഹം യോഗത്തിലെത്തി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിസഭയുടെ പേരിലെ നിവേദനം പ്രധാനമന്ത്രിക്കു നല്‍കുകയും ചെയ്യും, മണിക് സര്‍ക്കാര്‍ പറഞ്ഞു.
സ്വച്ഛ ഭാരത പദ്ധതിയെ പ്രകീര്‍ത്തിച്ച മണിക് സര്‍ക്കാര്‍ ശുചിത്വപൂര്‍ണ്ണമായ രാജ്യത്തെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തതെന്ന് ചോദിച്ചു. രാജ്യം ശുചിയായിരിക്കുന്നത് ഏവര്‍ക്കും ഇഷ്ടമാണ്. ത്രിപുരയില്‍ വളരെനേരത്തെ തന്നെ പദ്ധതി ആരംഭിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക വിമാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് അഗര്‍ത്തലയിലെത്തിയ മോദിയെ ത്രിപുര ഗവര്‍ണ്ണര്‍ പി.ബി. ആചാര്യയും മണിക് സര്‍ക്കാരും ചേര്‍ന്ന് സ്വീകരിച്ചു. ഒഎന്ഡജിസി-ത്രിപുര പവര്‍ കമ്പനിയുടെ 726 മെഗാവാട്ട് വൈദ്യുതപദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
1998മുതല്‍ തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലിരിക്കുന്ന മണിക് സര്‍ക്കാര്‍ രാജ്യത്തെ അവശേഷിക്കുന്ന ഏക ഇടതുപക്ഷ മന്ത്രിസഭയുടെ തലവനാണ്. കഴിഞ്ഞകാല കേന്ദ്ര സര്‍ക്കാരുകളെല്ലാം അവഗണിച്ച ത്രിപുരയുടെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുന്ന താത്പര്യം മണിക് സര്‍ക്കാരിന് ബോധ്യമുണ്ട്. മന്ത്രിസഭാ യോഗത്തെ അഭിസംബോധന ചെയ്ത മോദിക്കു മുന്നില്‍ സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: