ഇസ്ലാമാബാദ്: തെഹ്രിക് ഇ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്ഖാന് ഡിസംബര്‍ 16 ന് പാക്കിസ്ഥാനില്‍ ബന്ദിന് ആഹ്വാനം ചെയ്തു. 2013 ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതിനെക്കുറിച്ച് പക്ഷപാതരഹിതമായ അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് രാജ്യംമുഴുവന്‍ സ്തംഭിപ്പിക്കുമെന്ന് ഇമ്രാന് ഭീഷണി മുഴക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പിലുണ്ടായ വലിയ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്ന് പാര്‍ലമെന്റിന് വെളിയില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാന് ഖാന് പറഞ്ഞു. ”പന്തിപ്പോള്‍ നിങ്ങളുടെ കോര്‍ട്ടിലാണ്. പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയും അന്വേഷണവുമാണ് വേണ്ടത്. വരുന്ന 16 ന് തങ്ങള്‍ പാക്കിസ്ഥാന് സ്തംഭിപ്പിക്കും. ഇനി ഇത് സഹിക്കാന്‍ കഴിയില്ല. വാര്‍ത്താമാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഖാന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി.
അന്വേഷണത്തിന് മുന്‍കൈയെടുത്തില്ലെങ്കില്‍ ഡിസംബര്‍ 4 ന് ലാഹോറിലും 8 ന് ഫൈസലാബാദിലും 12 ന് കറാച്ചിയിലും ബന്ദ് നടത്തുമെന്നും 16 ന് പാക്കിസ്ഥാന് മുഴുവന്‍ സ്തംഭിപ്പിക്കുമെന്നും ഖാന് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ഖാന് വിവിധ പട്ടണങ്ങളിലായി നിരവധി പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അന്വേഷണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്നാണ് പ്രതിഷേധത്തിന്റെ തുടക്കത്തില്‍ ഖാന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സുപീംകോടതി ജഡ്ജിമാര്‍ അന്വേഷണം നടത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തെത്തുടര്‍ന്ന് ഖാന് തന്റെ ആവശ്യത്തില്‍നിന്നും പിന്മാറുകയാണുണ്ടായത്.
ഭാരതവുമായുള്ള യുദ്ധത്തിനുശേഷമുള്ള പാക്കിസ്ഥാന്റെ ചരിത്രപരമായ ദുരന്ത ദിവസമായിരിക്കും ഡിസംബര്‍ 16 എന്നാണ് കരുതപ്പെടുന്നത്. അഴിമതി നിറഞ്ഞ രാഷ്ട്രീയ സംഭാവനയാണ് നവാസ് ഷെരീഫ് സര്‍ക്കാരിന്റെതെന്ന് ഖാന് പറഞ്ഞു. അതേസമയം രാജ്യം സ്തംഭിപ്പിക്കുമെന്നുള്ള ഖാന്റെ ഭീഷണി നിര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് മുസാദിക് മാലിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: