തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന് വിരമിച്ചു. ഭരണപരിഷ്കാരം, പരിസ്ഥിതി എന്നീ വകുപ്പുകളുടെയും ചുമതലയിലായിരുന്നു. 1980 ഐഎഎസ് ബാച്ചില്‍ കേരള കേഡര്‍ ഉദ്യോഗസ്ഥയായ നിവേദിത സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ കാര്യശേഷികൊണ്ട് പേരെടുത്തവരില്‍ മുന്‍ നിരയിലാണ്.
റവന്യൂ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ ഭൂമി സംബന്ധമായ രേഖകളുടെ ക്രോഡീകരണത്തിനും ‘ലാന്‍ഡ് ബാങ്ക്’ രൂപീകരണത്തിനും ഉദ്യോഗസ്ഥതലത്തില്‍ നേതൃത്വം നല്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രൂപീകരണത്തിലും പങ്കുവഹിച്ചു.
ഹാരിസണ്‍ കേസ്, മൂന്നാര്‍ ഭൂമി കൈയേറ്റം എന്നിവ അന്വേഷണിച്ച കമ്മിഷനും നേതൃത്വം നല്കി. ഒറ്റപ്പാലം സബ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച നിവേദിത പിന്നീട് വ്യവസായ വകുപ്പ് സെക്രട്ടറി, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ കലക്ടര്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍, തൊഴില്‍, ഊര്‍ജം എന്നീ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടി എന്നീ പദവികളിലെത്തി.
കേന്ദ്ര സര്‍ക്കാരില്‍ നഗര വികസന മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയായ നിവേദിത ഫിലോസഫിയിലും ഇക്കണോമിക്സിലും ഓണേഴ്സ് ബിരുദവും ഫിലോസഫിയില്‍ കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദവും ദല്‍ഹി ഐഐടിയില്‍നിന്ന് സോഷ്യോളജിയില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
ഭൂട്ടാനിലെ ഇന്ത്യന്‍ സ്ഥാനപതിയായി വിരമിച്ച ഇന്ത്യന്‍ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന് പ്രണതാര്ഥി ഹരനാണ് ഭര്‍ത്തവ്. മകള്‍ അനുപമയും ഭര്‍ത്താവ് പരാഖും ലണ്ടനില്‍ ഉദ്യോഗസ്ഥരാണ്. നിവേദിതയുടെ ഒഴിവിലേക്ക് ആഭ്യന്തരവകുപ്പ് ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചീഫ് ഇലക്ടര്‍ ഓഫീസര്‍ നളിനി നെറ്റോയെയാണ് നിയമിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: