കൊച്ചി: ആര്‍ത്തിരമ്പിയ അരലക്ഷത്തിലേറെ വരുന്ന കാണികളാണ് ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കാന്‍ ഗ്യാലറിയിലെത്തിയത്. ഹോം ഗ്രൗണ്ടായ കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയമറിഞ്ഞില്ലെന്നതും കാണികളുടെ ഒഴുക്കിന് ആക്കംകൂട്ടി.
സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നും ഇന്നലെ രാവിലെ മുതല്‍ തന്നെ സ്റ്റേഡിയത്തിലേക്ക് കളി പ്രേമികളുടെ ഒഴുക്കായിരുന്നു. ഗ്യാലറി തുറന്നപ്പോള്‍ തുടങ്ങിയ ജനപ്രവാഹം കൊച്ചിയിലെ കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും ഏറെ കൂടുതലായിരുന്നു. കളി തുടങ്ങിയപ്പോഴേക്കും സ്റ്റേഡിയത്തില്‍ കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥ സംജാതമായി.
മത്സരം തുടങ്ങിയിട്ടും ജനങ്ങള്‍ പുറത്തുനിന്നു, അകത്തേക്ക് പ്രവേശിക്കാനിടമില്ലാതെ. എന്നാല്‍ എല്ലാവരുടെയും പക്കല്‍ ടിക്കറ്റുണ്ടുതാനും. ഒടുവില്‍ അകത്തേക്ക് കയറ്റിവിടുകയല്ലാതെ പോലീസിനും മറ്റും വഴിയില്ലാതായി. അപ്പോഴേക്കും കളി തുടങ്ങിയിരുന്നു. കാണികളാകട്ടെ കിട്ടിയ സ്ഥലം മതി എന്ന രീതിയില്‍ എല്ലാ ഭാഗത്തും നിറഞ്ഞു.
ഇതോടെ ഗ്യാലറി അക്ഷരാര്‍ത്ഥത്തില്‍ മഞ്ഞക്കടലായി. ഇതിനിടെ ഗ്യാലറിയില്‍ കയറാനുള്ളവരുടെ നിര കവാടത്തോളമെത്തി. ഹ്യൂമേട്ടാാാാാാാാാാാ മുത്തേ….. എന്നെഴുതി മലപ്പുറത്തു നിന്നെത്തിയ ഒരു കൂട്ടം കളിക്കമ്പക്കാര്‍ മൈതാനത്തിനു വലംവെച്ചത് ബ്ലാസ്റ്റേഴ്സിനു ജയ് വിളിച്ചായിരുന്നു.
മഞ്ഞ ജഴ്സിയണിഞ്ഞെത്തിയ ആരാധകവൃന്ദം വര്‍ണ്ണതൊപ്പികള്‍ തലയില്‍ ചൂടിയും കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ ഉയരുന്ന വാദേ്യാപകരണങ്ങളാല് ഘോഷം തീര്‍ത്തും ആവേശത്തിന്റെ മലമുകളില്‍ കയറി. ബ്ലാസ്റ്റേഴ്സിന്റെ ചിഹ്നമായ ആനയുടെ രൂപം നെറ്റിയിലും ദേഹത്തും വരച്ച് ദേഹംമുഴുവന്‍ വര്‍ണങ്ങള്‍ വാരിപ്പൂശിയായിരുന്നു ഏവരുടെയും വരവ്. വിസിലൂതിയും ചെണ്ട കൊട്ടിയും നൃത്തം ചവിട്ടിയും സംഘങ്ങളായി അവര്‍ മൈതാനത്തിന് വലംവെച്ചു.
ഐഎസ്എല്‍ മാമാങ്കത്തിന് കൊച്ചിയുടെ ആതിഥ്യം ഓരോ നിമിഷവും ആഘോഷിക്കുകയായിരുന്നു കളിയാരാധകര്‍. വാദ്യോപകരണങ്ങള്‍, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള തൊപ്പികള്‍, കളിക്കാരുടെ ജേഴ്സിയോട് കിടപിടിക്കുന്ന തരത്തിലുള്ള കുപ്പായങ്ങള്‍ എന്നിവ സ്റ്റേഡിയത്തിന് പുറത്ത് സുലഭമായിരുന്നു.
മുഖത്ത് പെയിന്റടിക്കുന്നവര്ക്കും ജേഴ്സി വില്‍പ്പനക്കാര്‍ക്കും കഴിഞ്ഞ മത്സരങ്ങളിലേക്കാള് ഇന്നലെ ചാകരയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഓരോ മുന്നേറ്റത്തിനുമൊപ്പം കാണികള്‍ ആര്‍ത്തലച്ചു. ചെന്നൈയുടെ നീക്കങ്ങള്‍ വരുമ്പോള്‍ നിശ്ശബ്ദത.
ചെന്നൈയുടെ ചില സുന്ദരമായ നീക്കങ്ങള്‍ ഗോളില്‍ കലാശിക്കാതിരുന്നപ്പോള് ഗ്യാലറി തലയില്‍ കൈവച്ച് ആശ്വാസം കൊണ്ടു.
കേരളത്തില്‍ ഫുട്ബോളിന് മരണമില്ലെന്ന് ഐഎസ്എല്ലിലെ പോരാട്ടങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ ഉറപ്പിച്ചുപറയും. നല്ല കളി വന്നാല്‍ സ്റ്റേഡിയം നിറഞ്ഞു കവിയുന്നത് അതുകൊണ്ടാണ്. 17 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഇന്ത്യ- ഇറാഖ് നെഹ്റു ട്രോഫിമത്സരത്തിനു സമാനമായി ഇന്നലെ കാണികള്‍ രചിച്ച ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: