അഗളി: അട്ടപ്പാടിയില്‍ 80,000 രൂപക്ക് ആദിവാസിക്കുഞ്ഞിനെ വിറ്റ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. കുട്ടിയെ വാങ്ങിയ തൃപ്പൂണിത്തുറ തൈപ്പറമ്പില്‍ ടി.കെ. പ്രദീപന്, ഇടനിലക്കാരനായ തൃപ്പൂണിത്തുറ മാടത്തുപറമ്പില്‍ പി വി രാധാകൃഷ്ണന് എന്നിവരാണ് ഇന്നലെ ഷോളയൂര്‍ പൊലീസിന്റെ പിടിയിലായത്. തമിഴ്നാട് വെങ്കിട്ടാപുരം സ്വദേശി രാജനാണ് ഒളിവില്‍.
കുട്ടിയുടെ പിതാവ് ഷംസുദ്ദീന്, ഇടനിലക്കാരന് കോട്ടത്തറ സ്വദേശി ജോണ്‍ എന്നിവരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന അഗളി എസ്എംഎസ് ഡിവൈഎസ്പി ബാബുരാജിന്റെ നിര്‍ദേശപ്രകാരം കുട്ടിയെ പാലക്കാട് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. കുട്ടിയെയും അമ്മ തുളസിയെയും മുട്ടിക്കുളങ്ങര മഹിളാ മന്ദിരത്തില്‍ ബുധനാഴ്ച വരെ താമസിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്കി. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നു.
അട്ടപ്പാടി ഷോളയൂര്‍ വണ്ണന്തറ ഊരിലെ ഇരുള വിഭാഗത്തില്‍പ്പെട്ട തുളസിയുടെ മകള്‍ സൗമ്യയെയാണ് പിതാവ് ഷംസുദ്ദീന് തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് വിറ്റത്. കുഞ്ഞിന്റെ മാതാവിന്റെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ഇരുപതാം തിയതിയാണ് സംഭവം. തുളസിയുടെ രണ്ടാം ഭര്‍ത്താവാണ് ആലത്തൂര്‍ സ്വദേശിയായ ഷംസുദ്ദീന്. ഇയാളുടെ ആഢംബര ജീവിതത്തോടുള്ള ആര്‍ത്തിയാണ് കുഞ്ഞിനെ വില്ക്കാന് പ്രേരിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. നാലു വര്‍ഷമായി തുളസിയോടൊപ്പം താമസിക്കുന്ന ഷംസുദീന്‍ കുട്ടിയെ ഒഴിവാക്കാന്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നുവത്രെ.
ആദിവാസി ക്ഷേമത്തിന് നിരവധി സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരും ഉണ്ടെങ്കിലും ഊരുകളില്‍ നടക്കുന്ന ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. പെണ്‍കുട്ടിയെ 80,000 രൂപയ്ക്ക് വിറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് പാലക്കാട് ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രഥമവിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, കുട്ടിയെ രക്ഷപ്പെടുത്തിയെങ്കില്‍ അതിന്റെ വിവരങ്ങളും കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയും, ശിശുക്ഷേമസമിതി പുറപ്പെടുവിച്ച ഉത്തരവിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാനാണ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഡിസംബര്‍ ഒന്നിന് കമ്മീഷന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: