സിഡ്‌നി: ക്രിക്കറ്റ് മല്‍സരത്തിനിടെ ബോള്‍ തലയില്‍ കൊണ്ട് പരിക്കേറ്റ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് (26) അന്തരിച്ചു.
മൂന്നു ദിവസമായി സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലായിരുന്നു.ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 10.30 മണിയോടെയാണ് ഹ്യൂസ് മരിച്ചത്.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രാദേശിക മത്സരത്തിനിടെ ഫാസ്റ്റ് ബൗളര്‍ സീന്‍ ആബട്ട് എറിഞ്ഞ ബൗണ്‍സര്‍ കുത്തിയുയര്‍ന്ന് തലയുടെ പിന്നില്‍ കൊള്ളുകയായിരുന്നു. ഉടന്‍ പിച്ചില്‍ ബോധം കെട്ടുവീണ ഹ്യൂസിനെ ഹെലികോപ്ടറില്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും ബോധം തെളിഞ്ഞിരുന്നില്ല.
ഓസീസിന് വേണ്ടി ഹ്യൂസ് 26 ടെസ്റ്റ് മത്സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 12ന് പാക്കിസ്ഥാനെതിരെയാണ് അവസാന രാജ്യാന്തര ഏകദിന മത്സരം കളിച്ചത്. നിരവധി ആഭ്യന്തര ടീമുകള്‍ക്കു വേണ്ടിയും ഹ്യൂസ് കളിച്ചിട്ടുണ്ട്.
















