ന്യൂദല്‍ഹി: ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി. സൂപ്പര്‍ കിംഗ്‌സിന്റെ യഥാര്‍ത്ഥ ഉടമകളാരാണെന്ന് കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഐപിഎല്‍ വാതുവെയ്‌പ്പുമായി ബന്ധപ്പെട്ട മുകുള്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം.
ബിസിസിഐ അദ്ധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍, ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം.എസ് ധോണി എന്നിവര്‍ക്കെതിരെയും കോടതി പരാമര്‍ശമുണ്ടായി. സൂപ്പര്‍ കിംഗ്‌സിനെ അയോഗ്യരായി പ്രഖ്യാപിക്കുന്നതിന് കൂടുതല്‍ അന്വേഷണം നടത്തേണ്ട കാര്യമില്ല. മുദ്ഗല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അന്വേഷണം നേരിടുന്നവരെല്ലാം ബിസിസിഐ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്നും ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദ്ദേശിച്ചു.
സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥനായും ബിസിസിഐ അദ്ധ്യക്ഷനായും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രീനിവാസനെ അനുവദിക്കില്ല. ശ്രീനിവാസന്‍ ഏതെങ്കിലും ഒരു പദവി ഉപേക്ഷിക്കണം. എല്ലാ വിവാദങ്ങളും അവസാനിപ്പിക്കേണ്ട കടമ ബിസിസിഐയുടേതാണ്. ഒരു കമ്മീഷന്‍ മുദ്ഗല്‍ റിപ്പോര്‍ട്ടിലെ കുറ്റക്കാരെ ശിക്ഷിക്കുന്നതിനായി രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ധോണിക്കെതിരെയും കോടതി രൂക്ഷമായ വിമര്‍ശനം നടത്തി.
ശ്രീനിവാസന്റെ ഇന്ത്യാ സിമന്റ്‌സില്‍ ധോണിക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായ മെയ്യപ്പന് ടീമുമായി ബന്ധം പ്രത്യക്ഷത്തിലില്ലെങ്കിലും ടീമിനെ നിയന്ത്രിക്കുന്നതു മുഴുവന്‍ മെയ്യപ്പനാണ്. ഈ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മാറ്റിനിര്‍ത്തേണ്ടതാണ്. ശ്രീനിവാസന്‍ എംഡിയായിട്ടുള്ള ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റാണ് ധോണി. ചെന്നൈ ടീമിനു വേണ്ടി 400 കോടി രൂപയാണ് ഇന്ത്യാ സിമന്റ്‌സ് മുടക്കിയിരിക്കുന്നത്. ഇത്രയധികം പണം മുടക്കാന്‍ ഇന്ത്യാ സിമന്റ്‌സിന് നിര്‍ദ്ദേശം നല്‍കിയതാരാണെന്ന് അറിയണം. ശ്രിനിവാസന് ഇന്ത്യാ സിമന്റ്‌സില്‍ എത്ര ഓഹരിയുണ്ടെന്നും വ്യക്തമാക്കേണ്ടതുണ്ട്, കോടതി ചൂണ്ടിക്കാട്ടി. ഐപിഎല്‍ വാതുവെയ്‌പ്പുമായി ബന്ധപ്പെട്ട് ചെന്നൈ, രാജസ്ഥാന്‍ ടീമുകളുടെ പങ്ക് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനാണെന്ന് ഇതാദ്യമായി ബിസിസിഐ സുപ്രീംകോടതിയില്‍ ഇന്നലെ സമ്മതിച്ചു. മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ പുറത്തുനിന്നുള്ള കമ്മീഷന്‍ അന്വേഷിക്കുമെന്നും ബിസിസിഐ കോടതിയെ അറിയിച്ചു.
















