കൊല്ലം: നഗരമധ്യത്തിലുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എസ്.ശരത്ചന്ദ്രന് വിധിച്ചു.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെയും സബ് ഇന്‍സ്പെക്ടറുടെയും ക്രൈം സ്ക്വാഡിലെ അംഗങ്ങളായ കൊല്ലം തൃക്കടവൂര്‍ കോട്ടയ്ക്കകം ചേരിയില്‍ മഠത്തില്‍ പുത്തന്‍വീട്ടില്‍ ജയുകമാര്(47), ഇരവിപുരം ആക്കോലില്‍ ചേരിയില്‍ താന്നോലില്‍ വീട്ടില്‍ വേണുഗോലാല്‍ (48) എന്നിവരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 302, (കൊലപാതകം) 348 (കുറ്റം സമ്മതിപ്പിക്കാനായി തടങ്കലില്‍ വെയ്ക്കുക) 34, (പൊതു ഉദ്ദേശം) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് പറയും. 2005 ഏപ്രില്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കാടാകുളം രാജ് നിവാസില്‍ രാജേന്ദ്രനാണ് മരിച്ചത്.
ശങ്കേഴ്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന കേസിലെ മൂന്നാം സാക്ഷിയായ ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയിരുന്നു. ഈ മോഷണത്തില്‍ സംശയിച്ച് ശങ്കേഴ്സ് ആശുപത്രിയിലെ സെക്യൂരിറ്റികളും മറ്റും തടഞ്ഞുവച്ച രാജേന്ദ്രനെ കൊല്ലം കണ്ട്രോള് റൂം എഎസ്ഐ സദാനന്ദനും സംഘവും ശങ്കേഴ്സില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി.
ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയായ പ്രോസിക്യൂഷന് പത്താം സാക്ഷി എസ്ഐ ബാബുവിനെ ഏല്‍പ്പിക്കുകയും ഇയാള്‍ രാജേന്ദ്രനെ ചോദ്യം ചെയ്യുന്നതിനായി ഈസ്റ്റ് പോലീസിനെ ക്രൈം സ്ക്വാഡിലെ അംഗങ്ങളായ ജയകുമാര്‍, വേണുഗോപാല്‍ എന്നിവരെ ഏല്‍പ്പിക്കുകയും ചെയ്തു.
പ്രതികള്‍ രാജേന്ദ്രനെ കൊല്ലം സര്‍ദാര്‍ വല്ലഭായി പാട്ടേല്‍ മ്യൂസിയത്തില്‍ കൊണ്ടുപോയി മൂന്നാംമുറ പ്രയോഗിച്ചു. ഇതില്‍ അവശനായ രാജേന്ദ്രനെ വൈകിട്ട് 6.45ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പേ രാജേന്ദ്രന് മരണപ്പെട്ടു.
കേസിലെ സാക്ഷികളില്‍ 34 പേര് പോലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നു. പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിച്ച 38 സാക്ഷികളില്‍ അഞ്ചുപേര്‍ കൂറുമാറിയിരുന്നു. അഡിഷണല്‍ എസ്.ഐ. ആയിരുന്ന സുഗതന്, പോലീസുകാരായ രാജന്, രാജു, സ്വതന്ത്രസാക്ഷികളായ ഷംസുദ്ദീന്, ബിജോയ് എന്നിവരാണ് കൂറുമാറിയത്.
കേസില്‍ പ്രോസിക്യൂഷന് ഭാഗത്തേക്ക് 49 രേഖകളും, 6 തൊണ്ടി സാധനങ്ങളും ഹാജരാക്കി. പ്രതിഭാഗം സാക്ഷികളായി ഈസ്റ്റ് സര്‍ക്കിള്‍ ഓഫീസിലെ എഎസ്ഐ രാജന്‍ലാല്‍, ജുനൈദ്, കബീര്‍, രവീന്ദ്രന് എന്നിവരെ വിസ്തരിച്ചു.
കേസിന്റെ ആദ്യാന്വേഷണം നടത്തിയത് ക്രൈം ഡിറ്റാച്ചുമെന്റ് ഡിവൈഎസ്പി രമേഷ് കുമാറും, തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അബ്ദുല്‍ സലാം, എസ്.പി.മാരായ വി.ആര്.രഘുവര്‍മ്മ, കൃഷ്ണഭദ്രന് എന്നിവരായിരുന്നു.
കേസിന്റെ കുറ്റപത്രം കോടതി മുമ്പാകെ ഹാജരാക്കിയത് ക്രൈം ബ്രാഞ്ച് എസ്.പി. ജോര്‍ജ്ജ് വര്‍ഗീസാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കൊട്ടിയം എന്‍.അജിത് കുമാര്‍, അഡ്വ: ചാത്തന്നൂര്‍ എന്‍.ജയചന്ദ്രന്, അഡ്വ: ശരണ്യ.പി എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: