ആലപ്പുഴ: ജില്ലാ നേതാവിന്റെ മകനെ അരക്കോടിയോളം രൂപ മുടക്കി വിദേശത്ത് പഠിക്കാന്‍ അയച്ചത് സിപിഎം സമ്മേളനങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയമാകുന്നു. ആലപ്പുഴ ഏരിയ കമ്മറ്റിയുടെ പരിധിയില്‍പ്പെട്ട പല ലോക്കല്‍ സമ്മേളനങ്ങളിലും നേതാവിന്റെ മകന്റെ വിദേശത്തെ പഠനം ചര്‍ച്ചയായി. അടുത്തമാസം ആദ്യം നടക്കുന്ന ആലപ്പുഴ ഏരിയ സമ്മേളനത്തിലും ഈ വിഷയം ചര്‍ച്ചയാക്കാന്‍ നേതാവിന്റെ എതിര്‍വിഭാഗം തീരുമാനമെടുത്തുകഴിഞ്ഞു. ജി. സുധാകരനെതിരെ എസ്എഫ്ഐ ആലപ്പുഴ ഏരിയ കമ്മറ്റി സിപിഎം സംസ്ഥാന കമ്മറ്റിക്ക് പരാതി നല്കിയതും ചര്‍ച്ചയാകും.
പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച ജില്ലാ നേതാവിന് മകനെ വിദേശത്ത് പഠനത്തിന് അയയ്ക്കാന്‍ അരക്കോടിയോളം രൂപ മുടക്കാന്‍ കഴിഞ്ഞതിന്റെ സ്രോതസ് വ്യക്തമാക്കണമെന്നും ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നേതാവ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണനേതൃത്വത്തിലുണ്ടായിരുന്നപ്പോള് നടപ്പാക്കിയ കോടികളുടെ പദ്ധതികളിലെല്ലാം വന്‍ അഴിമതികള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
അഴിമതി പണമാണോ അതോ ഏതെങ്കിലും മാഫിയകള്‍ക്ക് നല്കിയ സഹായത്തിന് പ്രത്യുപകാരമായി മകനെ സ്പോണ്സര് ചെയ്തതാണോയെന്നും പ്രതിനിധികള്‍ സംശയം ഉന്നയിച്ചു. നേതാവിനെ സാക്ഷിയാക്കിയാണ് ചില സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ ആഞ്ഞടിച്ചത്. അടുത്തകാലത്ത് നേതാവുമായി അകല്‍ച്ചയിലായ ഡിവൈഎഫ്ഐ നേതാക്കളും അവസരം കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. നേരത്തെ ഒരു വീട്ടമ്മയെ ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ച വിഷയം പാര്‍ട്ടിയിലും പൊതുജനമദ്ധ്യത്തിലും സജീവ ചര്‍ച്ചയാക്കാന്‍ ഈ നേതാവ് ഇടപെട്ടു എന്ന പരാതി ഡിവൈഎഫ്ഐക്കാര്ക്കുണ്ട്. ലക്ഷങ്ങള്‍ മുടക്കിയാണ് ആരോപണവിധേയനായ ഡിവൈഎഫ്ഐ നേതാവ് പ്രശ്നം ഒതുക്കിത്തീര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: