ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന പോരാട്ടങ്ങളില്‍ ബാഴ്സലോണ, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി തുടങ്ങിയ പ്രമുഖര്‍ മികച്ച വിജയം സ്വന്തമാക്കിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരും കരുത്തരുമായ ബയേണ്‍ മ്യൂണിക്കിന് പരാജയം.
ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്തത്. വിജയത്തോടെ സിറ്റി നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയുടെ ഹാട്രിക്കാണ് സിറ്റിക്ക് അവിശ്വസനീയ വിജയം നേടിക്കൊടുത്തത്.
20-ാം മിനിറ്റില്‍ ബയേണിന്റെ മെദി ബെനാറ്റിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. 21-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അഗ്യൂറോ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ബയേണ്‍ 40-ാം മിനിറ്റില്‍ അലോണ്‍സോയും 45-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയും നേടിയ ഗോളുകളിലൂടെ ലീഡ് സ്വന്തമാക്കി. പിന്നീട് 85-ാം മിനിറ്റിലും പരിക്ക് സമയത്തും അഗ്യൂറോയുടെ മാന്ത്രിക ബൂട്ടുകള്‍ ഗോള്‍ വര്ഷിക്കതോടെയാണ് സിറ്റി വിജയം സ്വന്തമാക്കിയത്.
സിറ്റിയോട് തോറ്റെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ബയേണ്‍ നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ റോമയും സിഎസ്കെ മോസ്കോയും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. അഞ്ച് പോയിന്റ് വീതമുള്ള റോമയും സിഎസ്കെ മോസ്കോയും സിറ്റിയുമാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. ഇതോടെ ബയേണ്‍ ഒഴികെയുള്ള മറ്റ് മൂന്ന് ടീമുകള്‍ക്കും അവസാന മത്സരം നിര്‍ണായകമായി.
ഗ്രൂപ്പ് എഫില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് അപോയല്‍ നിക്കോസിയക്കെതിരായ എവേ മത്സരത്തില്‍ ബാഴ്സലോണക്ക് ഗംഭീര വിജയം സമ്മാനിച്ചത്. 27-ാം മിനിറ്റില്‍ ഉറുഗ്വെയ്ന്‍ താരം ലൂയി സുവാരസിലൂടെയാണ് ബാഴ്സ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ബാഴ്സക്കായി സുവാരസിന്റെ ആദ്യഗോളായിരുന്നു ഇത്. പിന്നീട് 38, 58, 87 മിനിറ്റുകളില്‍ മെസ്സി അപോയല്‍ വല കുലുക്കി. മറ്റൊരു മത്സരത്തില്‍ പിഎസ്ജി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അയാക്സിനെയും കീഴടക്കി.
പിഎസ്ജിക്ക് വേണ്ടി എഡിസണ് കവാനി രണ്ടും സ്ലാറ്റന് ഇബ്രാഹിമോവിച്ച് ഒരുഗോളും നേടി. ഗ്രൂപ്പില്‍ നിന്ന് പിഎസ്ജിയും (13 പോയിന്റ്) ബാഴ്സയും (12പോയിന്റ്) അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ജിയില്‍ ചെല്‍സി എവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഷാല്‍ക്കെയെ തകര്‍ത്താണ് നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചത്. രണ്ടാം മിനിറ്റില്‍ ജോണ്‍ ടെറിയിലൂടെ ഗോള്‍ മഴക്ക് തുടക്കമിട്ട ചെല്‍സി 89-ാം മിനിറ്റില്‍ റാമിറസിലൂടെ പട്ടിക പൂര്‍ത്തിയാക്കി.
29-ാം മിനിറ്റില്‍ വിലിയന്‍, 76-ാം മിനിറ്റില്‍ ദിദിയര്‍ ദ്രോഗ്ബ എന്നിവരും ചെല്‍സിക്ക് വേണ്ടി ഷാല്‍ക്കെ വല കുലുക്കിയപ്പോള്‍ ഒരെണ്ണം സെല്‍ഫ് ഗോളായിരുന്നു. 44-ാം മിനിറ്റില്‍ കിര്ച്ചോഫാണ് ചെല്‍സിക്ക് ഗോള്‍ ദാനമായി സമ്മാനിച്ചത്. മറ്റൊരു മത്സരത്തില്‍ സ്പോര്‍ട്ടിംഗ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എന്‍.കെ. മാരിബോറിനെയും തകര്‍ത്ത് നോക്കൗട്ട് സാധ്യത സജീവമാക്കി. അഞ്ച് കളികളില്‍ നിന്ന് 11 പോയിന്റുമായാണ് ചെല്‍സി അടുത്ത റൗണ്ടില്‍ ഇടംസ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള സ്പോര്‍ട്ടിംഗിന് 7 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഷാല്‍ക്കെക്ക് അഞ്ച് പോയിന്റുമാണുള്ളത്.
ഗ്രൂപ്പ് എച്ചില് നിന്ന് എഫ്സി പോര്‍ട്ടോയും ഷക്തറും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇന്നലെ നടന്ന കളികളില്‍ പോര്‍ട്ടോ 3-0ന് ബെയ്റ്റ് ബോറിനെ പരാജയപ്പെടുത്തിയപ്പോള്‍ ഷക്തര്‍ 1-0ന് അത്ലറ്റിക് ബില്‍ബാവോയോട് പരാജയപ്പെട്ടു. അഞ്ച് കളികളില്‍ നിന്ന് 13 പോയിന്റുള്ള പോര്‍ട്ടോയാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്. പരാജയപ്പെട്ടെങ്കിലും എട്ട് പോയിന്റുള്ള ഷക്തര്‍ പോര്ട്ടോട്ട് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അവസാന 16-ല്‍ ഇടംപിടിച്ചത്.
















