ആലുവ: പെരിയാറില്‍ മുങ്ങിത്താണ അന്യസംസ്ഥാനക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ച ശബരിമല തീര്ത്ഥാടകന് മുങ്ങി മരിച്ചു. ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ മയിലക്കര കൃഷ്ണലീലയില്‍ ഉണ്ണികൃഷ്ണന്റെ മകന് ഉല്ലാസാ (30)ണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴ് മണിയോടെ മണപ്പുറം കുളിക്കടവിലാണ് സംഭവം. ശബരിമല തീര്‍ത്ഥാടനത്തിന് മാലയിടുന്നതിനായി മണപ്പുറം ശിവക്ഷേത്രത്തില്‍ സഹോദരന് ഉമേഷിനൊപ്പമെത്തിയതാണ് ഉല്ലാസ്. ക്ഷേത്ര ദര്‍ശനത്തിന് മുമ്പായി ഇരുവരും പെരിയാറില്‍ കുളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, കുളിച്ചുകൊണ്ടിരുന്ന ഒരാള്‍ കൈകള്‍ ഉയര്‍ത്തി വെള്ളത്തില്‍ മുങ്ങിതാഴുന്നത് കണ്ടത്.
ഇയാളെ രക്ഷിക്കുന്നതിനിടെ ഉല്ലാസ് വെള്ളത്തില്‍ മുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ 9.45ഓടെ കാണാതായ ഭാഗത്ത് നിന്നുതന്നെ ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്.
ആലുവ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.
കളമശേരി എച്ച്.എം.ടി കമ്പനിയിലെ ജോലിക്കാരനായ ഉല്ലാസ് അഞ്ച് മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ ആരതി മൂന്നു മാസം ഗര്‍ഭിണിയാണ്. പിതാവ് ഉണ്ണികൃഷ്ണനും സഹോദരന് ഉമേഷും ചേര്‍ന്ന് കടുങ്ങല്ലൂരില്‍ കൃഷ്ണലീല എന്ന പേരില്‍ കാറ്ററിംഗ് സര്‍വീസ് സ്ഥാപനം നടത്തുകയാണ്. ലീലയാണ് ഉല്ലാസിന്റെ മാതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: