കൊച്ചി: ആഴക്കടല്‍ എണ്ണകൈമാറ്റ കേന്ദ്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) അതിവേഗ നിരീക്ഷണ നൗക നീറ്റിലിറക്കി. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ടൂറിസ്റ്റ് ജെട്ടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല നൗക ഫഌഗ് ഓഫ്ചെയ്തു. കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) യ്ക്കായാണ് നൗക വാങ്ങിയത്. ബിപിസിഎല്‍ കൊച്ചി എണ്ണശുദ്ധീകരണശാല എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കരില്‍നിന്ന് ഏറ്റുവാങ്ങിയ നൗകയുടെ താക്കോല്‍ പോര്‍ട് ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണിക്ക് ചെന്നിതല കൈമാറി.
തീരത്തുനിന്ന് 19.5 കിലോമീറ്റര്‍ അകലെയുള്ള എസ്പിഎമ്മിന്റെ സുരക്ഷയ്ക്ക് നൗക സഹായകമാകുമെന്ന് ചെന്നിത്തല പറഞ്ഞു. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണ നല്‍കേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച എസ് ശര്‍മ എംഎല്‍എ പറഞ്ഞു. പാരിസ്ഥിതികാനുമതി ലഭിച്ചാല്‍ ഉടന്‍ ബിപിസിഎല്‍ 5000 കോടി രൂപയുടെ പെട്രോനെറ്റ് കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് പ്രസാദ് കെ പണിക്കര്‍ അറിയിച്ചു.
ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷനായി. എഡിജിപി ബി എസ് മുഹമ്മദ് യാസിന്, തീരസംരക്ഷണ സേന ഡിഐജി ടി കെ എസ് ചന്ദ്രന്, ദക്ഷിണ നാവിക കമാന്‍ഡ് നേവല്‍ ഒഫീസര്‍ ഇന്‍ ചാര്‍ജ് ക്യാപ്റ്റന്‍ സൈമണ്‍ മത്തായി, പെട്രോനെറ്റ് എല്‍എന്‍ജി വൈസ് പ്രസിഡന്റ് ടി എന്‍ നീലകണ്ഠന്, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് അനില്‍ ബാലി, ബിപിസിഎല്‍ ഓപ്പറേഷന്‍സ് മാനേജര്‍ സി കെ സോമന്, സിറ്റി പൊലീസ് കമീഷണര്‍ കെ ജി ജയിംസ് എന്നിവര്‍ പങ്കെടുത്തു.
20 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള ആധുനിക നൗക സിഐഎസ്എഫിന്റെ ദ്രുത പ്രതികരണ വിഭാഗത്തിനു കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. അടിയന്തരഘട്ടങ്ങളില്‍ സേനയുടെ കൊച്ചി ആസ്ഥനവുമായും പോര്‍ട് ട്രസ്റ്റ്, ബിപിസിഎല്‍ കണ്ട്രോള് റൂം എന്നിവിടങ്ങളുമായും വേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുംവിധം ആധുനിക ഉപകരണങ്ങളും നൗകയില്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: