തൃപ്പൂണിത്തുറ: ഐശ്വര്യത്തിന്റെ നിറവില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വലിയ വിളക്ക് ഇന്ന് ആഘോഷിക്കും. ഉത്സവത്തിന്റെ പ്രധാന ആകര്‍ഷകമായ വലിയ വിളക്കില്‍ ചുറ്റുവിളക്കുകളിലും, തട്ടുവിളക്കുകളിലും ദീപസ്തംഭത്തിലും ദീപക്കാഴ്ചകള്‍ കൊണ്ട് ക്ഷേത്രം സ്വര്‍ണപ്രഭയില്‍ മുങ്ങും. ഇന്നലെ നടന്ന ചെറിയ വിളക്ക് കാണുന്നതിനും പൂര്‍ണത്രയീശന്റെ അനുഗ്രഹം നേടുവാനും വന്‍ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. വൃശ്ചികോത്സവത്തിന് നാളെ കൊടിയിറങ്ങും.
ഇന്ന് രാവിലെ 7:30 മുതല്‍ 11:30 വരെ നടക്കുന്ന ശിവേലിയില്‍ പതിനഞ്ചു ഗജവീരന്മാര് അണിനിരക്കും. വില്യമംഗലം സ്വാമിയാര് എന്ന തമ്പുരാന് ഭഗവാനെ കാണാനെത്തിയപ്പോള്‍ ഭഗവാന് ശ്രീകോവിലില്‍ ഉണ്ടായില്ല. ഭഗവാനെ അന്വേഷിച്ചിറങ്ങിയ തമ്പുരാന് ആനപ്പുറത്ത് കളിച്ചുനടക്കുന്ന ഭഗവാനെ കാണാനിടയായി.
അങ്ങനെയാണ് 15 ഗജവീരന്മാരെ അണിനിരത്തി ഇപ്പോഴത്തെ രീതിയിലുള്ള ഉത്സവം ഉണ്ടായതെന്നാണ് വിശ്വാസം. ഇതിന്റെ ഓര്‍മ്മ പുതിക്കിയാണ് സ്വര്‍ണ്ണ തിടമ്പേറിയ 15 ഗജവീരന്മാര് ആറാട്ടിനു എഴുന്നള്ളിക്കുന്നത്. വലിയവിളക്കിന് കാണിക്കയര്‍പ്പിച്ചു തൊഴാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേയ്ക്ക് എത്തുന്നത്. രാവിലെ 8 മുതല്‍ 11.30 വരെ ഭക്തജനങ്ങള്‍ക്ക് കാണിക്കയര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: