കുറിച്ചിത്താനം: പൂതൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി ഉത്സവം 26ന് കൊടിയേറും. ഡിസംബര്‍ രണ്ടിന് ഏകാദശി വിളക്കും മൂന്നിന് ആറാട്ടും നടക്കും. കേരളത്തിലെ ഏക ജലാധിവാസ ഗണപതി ക്ഷേത്രമായ മണ്ണയ്ക്കനാട് ചിറയില്‍ ഗണപതി ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തിലാണ് ഡിസംബര്‍ മൂന്നിന് പൂതൃക്കോവിലപ്പന്റെ ആറാട്ട്. പൂതൃക്കോവില്‍ ഏകാദശി ദിനമായ ഡിസംബര്‍ രണ്ടിന് സമൂഹശയന പ്രദക്ഷിണം, ഏകാദശി പായസ നിവേദ്യം, ഏകാദശി ഊട്ട്, പള്ളിവേട്ട തുടങ്ങിയവ നടക്കും.
ഏകാദശി ഉത്സവത്തിനു തുടക്കം കുറിച്ചുള്ള ദശാവതാരംചന്ദനം ചാര്‍ത്ത് കഴിഞ്ഞ ദിവസം ആരംഭിച്ചു. ഡിസംബര്‍ രണ്ടിനു വിശ്വരൂപ ദര്‍ശനം വരെ ചന്ദനം ചാര്‍ത്ത് നീണ്ടുനില്‍ക്കും. വാമനാവതാര ദര്‍ശനദിനമായ 26 ന് ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിനു കൊടിയേറും. ഡിസംബര്‍ രണ്ടിന് ഏകാദശി ഉത്സവും മൂന്നിന് ആറാട്ടും നടക്കും.
ഒന്നാം ഉത്സവദിനമായ 26 നു വൈകിട്ട് 6.15നു കലാമണ്ഡലം ശിവന് നമ്പൂതിരിയുടെ ചാക്യാര്‍കൂത്ത്, എട്ടിനു തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്, 8.15നു നിസരി ഓര്‍ക്കസ്ട്രയുടെ ഗാനമേള, രണ്ടാം ഉത്സവദിനമായ 27 മുതല്‍ ആറാം ഉത്സവദിനമായ ഡിസംബര്‍ ഒന്നുവരെ ദിവസവും 11.45ന് ഉത്സവബലിദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ഉത്സവദിനങ്ങളില്‍ മേജര്‍ സെറ്റ് കഥകളി, കലാമണ്ഡലം ജയകുമാറിന്റെ ഓട്ടന്തുള്ളല് , ശ്രുതി.എസ്.കൃഷ്ണയുടെ സംഗീതസദസ്സ്, മജീഷ്യന്‍ ജയദേവ്, കാളിദാസ് എന്നിവരുടെ മാജിക് ഷോ, ദീപ പാലനാട്, രഞ്ജു കുഞ്ചരക്കാട് എന്നിവരുടെ കഥകളിപ്പദക്കച്ചേരി, കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാന് വയലാ രാജേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സ്വരപഞ്ചകം, കോട്ടയ്ക്കല്‍ ശശിധരന്റെ നൃത്തം, പുലിയന്നൂര്‍ ശ്രീരുദ്രംഭജന്സിന്റെ നാമഘോഷലഹരി, ചെറുതുരുത്തി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്തം, ശ്രീവല്‍സം വേണുഗോപാലിന്റെ പാഠകം, ഗിന്നസ് റെക്കോര്‍ഡ് ജേതാവ് കുഴല്‍മന്ദം രാമകൃഷ്ണന് അവതരിപ്പിക്കുന്ന മൃദുതരംഗ് , പല്ലാവൂര്‍ ശ്രീധരമാരാരുടെ പ്രമാണത്തില്‍ അറുപതിലെറെ കലാകാരന്മാര് പങ്കെടുക്കുന്ന പഞ്ചവാദ്യം, തിരുമറയൂര്‍ ഗിരിജന്‍ മാരാരുടെ പ്രമാണത്തില്‍ മേളം, പോരൂര്‍ ഉണ്ണികൃഷ്ണന്റെ തായമ്പക, അനൂപ് ശങ്കര്‍, മൃദുല വാര്യര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള, പെരിങ്ങോട്ട് സുബ്രമണ്യനും സംഘവും അവതരിപ്പിക്കുന്ന ഇടയ്ക്ക വിസ്മയം, കാണിപ്പയ്യൂര്‍ ശ്രീലത നമ്പൂതിരിപ്പാടും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരകളി തുടങ്ങിയവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: