സര്‍വ്വസ്വരൂപമായ ബ്രഹ്മത്തിന്റെയും ശബ്ദസ്വരൂപമായ ബ്രഹ്മത്തിന്റെയും പ്രതീകവല്‍ക്കരണത്തിലും അതിനോട് ജീവന്റെ ഇടപാടുകളുടെയും സമ്പൂര്‍ണരൂപമാണ് യാഗം അഥവാ ഹോമം.
ചതുരത്തില്‍ കൂട്ടിയ കുണ്ഡത്തില്‍ സ്ഥാപിക്കപ്പെട്ട സമിധ (വിറക്)യില്‍ പകരുന്ന അഗ്നിയില്‍ നെയ്യും ഹവിസും ചേര്‍ത്ത് സ്വാഹാ ശബ്ദത്തോടെ ആഹുതി ചെയ്യുന്ന കര്‍മ്മമാണ് യജ്ഞം. ബ്രഹ്മത്തോട് ജീവന്റെ എല്ലാ ഭാവകര്‍മ്മ ഫല സമര്‍പ്പണങ്ങളും ഈ ഉപാസനയിലൂടെ ലഭിക്കും. ആകയാല്‍ ഗണപതിക്ക് ഹോമം വളരെ പ്രധാനമായി.
പഞ്ചഭൂതാത്മകമായി ഈശ്വരന്റെ പഞ്ചസ്വരൂപങ്ങളെ ഋഷിമാര്‍ വിഭജിച്ചപ്പോള്‍ ആകാശാത്മകമായി ശിവസ്വരൂപവും വായുവിന് ഗണേശനും അഗ്നിക്ക് സൂര്യനും ജലത്തിന് വിഷ്ണുവും ഭൂമിക്ക് ദുര്‍ഗ്ഗയും നിര്‍ണയിക്കപ്പെട്ടു.
ആകയാല്‍ ഓരോഭൂതാധിപദേവതയ്‌ക്കും അതിനൊത്തക്രിയകളും ഉപാസനയായി കല്‍പ്പിക്കപ്പെട്ടു. ധ്യാനം, യാഗം, തര്‍പ്പണം, ഭക്തി, ബലി ഇവയാണ് പഞ്ചബ്രഹ്മങ്ങള്‍ക്കുള്ള താന്ത്രിക ക്രിയോപാസനകള്‍. ആ ക്രമമനുസരിച്ച് ശിവനെ ധ്യാനതപസ്സാദികള്‍ കൊണ്ടും വിഷ്ണുവിനെ ഭക്തികൊണ്ടും, ദുര്‍ഗ്ഗയെ ബലിയര്‍പ്പണം(കര്‍മ്മം) കൊണ്ടും സന്തുഷ്ടരാക്കാം. ആ നിലയിലും ഗണപതിക്ക് ഹോമപ്രാധാന്യമാണ് വരുന്നത്.
















