ചങ്ങനാശേരി: കുറിച്ചി സചിവോത്തമപുരം പട്ടികജാതി കോളനി അസോസിയേഷനും മഹാത്മാ അയ്യന്‍കാളി മന്ദിര സ്മാരകത്തിന്റെ താക്കോല്‍ കൈമാറണമെന്നാവശ്യപ്പെട്ട് സചിവോത്തമപുരം സജുഭവനില്‍ സി.എം. മനോജ് (40), ധന്യാലയം ദേവരാജന്‍ (52) എന്നിവര്‍ ഏകദേശം അമ്പത്തിയഞ്ച് അടി ഉയരമുള്ള കമ്യൂണിറ്റി ഹാളിനുമുകളില്‍ മണ്ണെണ്ണ കന്നാസും പന്തവുമായി നിന്ന് ആത്മഹത്യാഭീഷണി മുഴക്കി.
ഇതേസമയം നാല്പതോളം ആളുകള്‍ റോഡില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. 1937ല്‍ രാജഭരണകാലത്ത് പട്ടികജാതിക്കാര്‍ക്കായി സ്കൂള്‍, ഗ്രന്ഥശാല എന്നിവ നടത്തുന്നതിനായി ഒരു കെട്ടിടം പണിതുകൊടുത്തിരുന്നു. കാലപ്പഴക്കത്തില്‍ ഈ കെട്ടിടം നശിച്ചുപോകുമെന്നു വന്നപ്പോള്‍ കുറിച്ചി ഗ്രാമപഞ്ചായത്ത് ഇത് 1998ല്‍ ഏറ്റെടുത്ത് പുതുക്കിപ്പണിതു. ഒരുകോടി മുപ്പതുലക്ഷം രൂപ മുടക്കി ഗ്രാമപഞ്ചായത്ത് 2000ല്‍ മഹാത്മാ അയ്യന്‍കാളി സ്മാരക മന്ദിരം പണിതു. അന്നുമുതല്‍ ഇതിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആരെന്ന തര്‍ക്കം തുടങ്ങി.
സചിവോത്തമപുരം പട്ടികജാതി കോളനി അസോസിയേഷന് ഇതിന്റെ ചാവി നല്കി ഈ മന്ദിരം അവരെ എല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ പലതും നടന്നു. എന്നാല്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ഇതിന് വഴങ്ങിയില്ല. മഹാത്മാ അയ്യന്‍കാളി സ്മാരക മന്ദിരത്തിന്റെ താക്കോല്‍ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷനു നല്‍കുന്നതുവരെ സമരം തുടരുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. രാത്രിയില്‍ തഹസീല്‍ദാര്‍ എത്തി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ 11ന് മുമ്പ് താക്കോല്‍ കൈമാറിയില്ലെങ്കില്‍ ആത്മാഹുതി ചെയ്യുമെന്ന് നേതാക്കള്‍ തഹസീര്ദാറെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: