ആലപ്പുഴ: പാര്‍ട്ടി സമ്മേളന കാലയളവില്‍ ജി. സുധാകരനെതിരെ എസ്എഫ്ഐയെ ഉപയോഗിച്ച് ഒളിയുദ്ധം നടത്തുന്നത് സിപിഎമ്മില്‍ പുതിയ പോര്‍മുഖത്തിന് വഴിയൊരുക്കുന്നു. എസ്എഫ്ഐ ആലപ്പുഴ ഏരിയ കമ്മറ്റി സിപിഎം സംസ്ഥാന കമ്മറ്റിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ജി. സുധാകരനെതിരെ നേരിട്ട് പരാതി നല്‍കിയത് നിസാരമായി കാണാനാകില്ലെന്നും ഇതിനുപിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍.
സുധാകരനെതിരെ പരാതി നല്‍കുക മാത്രമല്ല ഒരുപത്രത്തിന് വിവരം ചോര്‍ത്തി നല്‍കുകയും ചെയ്തത് പാര്‍ട്ടി സമ്മേളനങ്ങള്‍ ലക്ഷ്യമാക്കി തന്നെയാണെന്നാണ് ആക്ഷേപം. കേന്ദ്ര കമ്മറ്റി അംഗത്തിന്റെ മകളുടെ തീരദേശ മേഖലകളിലെ സര്‍വേ സംബന്ധിച്ചും സ്കൂളിലെ കക്കൂസ് ശുചീകരണത്തെക്കുറിച്ചും പൊടിപ്പും തൊങ്ങലും ചാര്‍ത്തി വാര്‍ത്തകള്‍ നല്കിയ പത്രത്തിലാണ് സുധാകരനെതിരെയുള്ള വാര്‍ത്ത ചോര്‍ത്തി നല്‍കിയത്. മാത്രമല്ല എംഎല്‍എയെന്ന നിലയില്‍ തോമസ് ഐസക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ പോലും പാര്‍ട്ടി വിരുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഈ പത്രത്തിലാണ് സ്ഥിരമായി ആദ്യം വരുന്നതെന്നും സുധാകരനെതിരെയുള്ള വാര്‍ത്തയുടെ ഉറവിടം അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ലെന്നും ഔദ്യോഗികപക്ഷ സഖാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്ഡി കോളേജില്‍ എസ്എഫ്ഐക്ക് സീറ്റുകള്‍ കുറയാനുള്ള കാരണം ജി. സുധാകരന് എംഎല്‍എയും അദ്ദേഹത്തിന്റെ ഭാര്യയായ കോളേജിലെ അദ്ധ്യാപികയുമാണെന്നാണ് എസ്എഫ്ഐയുടെ പരാതി. കോളേജ് ഹോസ്റ്റലിന്റെ ചുമതല എംഎല്‍എയുടെ ഭാര്യയ്ക്കാണ്. ഇവിടെ ഭക്ഷ്യവിഷബാധയുണ്ടായപ്പോള്‍ പ്രതികരിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ എംഎല്‍എയുടെ ഭാര്യ പകപോക്കല്‍ നടത്തിയെന്നും ഇതിനനുകൂലമായ നിലപാടാണ് എംഎല്‍എ സ്വീകരിച്ചതെന്നുമാണ് എസ്എഫ്ഐ ആലപ്പുഴ ഏരിയ നേതൃത്വം സിപിഎം സംസ്ഥാന കമ്മറ്റിക്ക് നല്കിയ പരാതിയില്‍ പറയുന്നത്.
എന്നാല്‍ ഈ വിഷയത്തില്‍ എസ്എഫ്ഐക്കെതിരെ സിപിഎം രംഗത്തെത്തി. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് എസ്എഫ്ഐ പരാതി നല്‍കിയതെന്നാണ് സിപിഎം ഏരിയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ ഏരിയ, ജില്ലാതലങ്ങളില്‍ പരാതി നല്‍കാതെ നേരിട്ട് സംസ്ഥാന കമ്മറ്റിക്ക് പരാതി നല്കിയതും അത് മാധ്യമങ്ങളില്‍ വാര്‍ത്തയായതും സംബന്ധിച്ച് എസ്എഫ്ഐ നേതൃത്വം വിശദീകരണം നല്‍കണമെന്നും സിപിഎം ഏരിയ നേതൃത്വം ആവശ്യപ്പെട്ടുകഴിഞ്ഞു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഐസക് പക്ഷക്കാരായ പലര്‍ക്കുമെതിരെ നടപടിക്കാണ് സാദ്ധ്യത തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: