മട്ടാഞ്ചേരി: റോഡ് കയ്യേറി നടപ്പാത നിര്‍മ്മിച്ച വീട്ടുടമയ്ക്കെതിരെ പരാതിപ്പെട്ട റസിഡന്റ്സ് അസോസിയേഷനെതിരെ പോലീസ് നടപടി. ഫോര്‍ട്ടുകൊച്ചിയിലെ വെളി അമരാവതി ബസ്സ്റൂട്ടിലാണ് പണവും, സ്വാധീനവുമുള്ള വ്യക്തി നടപ്പാതയും റോഡും കയ്യേറി സ്വന്തം പറമ്പിലേയ്ക്ക് പാത കെട്ടിയത്. വീതികുറഞ്ഞ റോഡായതിനാല്‍ കയ്യേറ്റവും, പാതയും മൂലം അപകടങ്ങളും, നിത്യസംഭവമായതോടെയാണ് ഫോര്‍ട്ടുകൊച്ചിയിലെ മുല്ലവളപ്പ് റസിഡന്റ്സ് അസോസിയേഷന് പരാതിയുമായി അധികൃതരെ സമീപിച്ചത്.
കയ്യേറിയ വ്യക്തി രാഷ്ട്രീയ സ്വാധീനവും പണവുമുപയോഗിച്ച് കയ്യേറ്റപരാതിക്കാര്ക്കെതിരെ പോലീസിനെ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയാണ്.
അനധികൃത കയ്യേറ്റനിര്മ്മാണം നടന്ന് രണ്ട് മാസം പിന്നിട്ടതോടെ എട്ടോളം വാഹനാപകടങ്ങളാണ് ഇത്മൂലം ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. ഈ വിഷയത്തില്‍ കൗണ്‍സിലര്‍ എംഎല്‍എ എന്നിവരടക്കമുള്ള ജനപ്രതിനിധികളും, ഇരുമുന്നണിരാഷ്ട്രീയകക്ഷികളും നടത്തുന്ന മൗനം ജനരോഷത്തിനിടയാക്കിയിട്ടുണ്ട്.
ജനങ്ങളുടെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ റസിഡന്റസ് അസോസിയേഷന് ഭാരവാഹികളെ ഇടയ്ക്കിടെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും വീട്ടുടമയുടെ പരാതിയിന്മേല് ഭാരവാഹികള്‍ക്കെതിരെ മോഷണം- ഭവനഭേദനം, നിര്‍മ്മാണം തകര്‍ക്കല്‍ തുടങ്ങി കേസ്സെടുക്കുമെന്ന് ഫോര്‍ട്ടുകൊച്ചി പോലീസ് പറഞ്ഞതായും അസോസിയേഷന് സെക്രട്ടറി സക്കറിയാ ഫെര്‍ണാണ്ടസ് പറഞ്ഞു.
അനധികൃത നിര്‍മ്മാണവും, അപകടഭീഷണിയുമുള്ള നടപ്പാത കയ്യേറ്റം പോളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ മനുഷ്യാവകാശകമ്മീഷന് ഓംബുഡ്സ്മാന്, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, വകുപ്പ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കോര്പ്പറേഷന്, റവന്യൂ, പൊതുമരാമത്ത്, പോലീസ് അധിതകൃതര്‍ എന്നിവര്‍ക്ക് പരാതി നല്കി. തുടര്‍ന്നും നടപടിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: