ശാസ്താംകോട്ട: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തില്‍ വൈസ്പ്രസിഡന്റ് സ്ഥാനേേത്തക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയിലെ അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതിനെതുടര്‍ന്ന് നാല് അംഗങ്ങളെ ശൂരനാട് പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ വൈസ്പ്രസിഡന്റ് സുഭാഷ്, പഞ്ചായത്തംഗങ്ങളായ ശിവപ്രസാദ്, ഷൈലജ, രാജേഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ വിട്ടയച്ചു.
കോണ്‍ഗ്രസ് ഭരിക്കുന്ന ശൂരനാട് തെക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് 6, കേരള കോണ്‍ഗ്രസ് 1, സിഎംപി 1, ആര്‍എസ്പി 2 എന്നിങ്ങനെയാണ് കക്ഷിനില. എല്‍ഡിഎഫിന് സിപിഎം 5, സിപിഐ 1 എന്ന നിലയിലാണ്. വൈസ്പ്രസിഡന്റ് സ്ഥാനം അവസാന ഒരുവര്‍ഷം കേരളകോണ്‍ഗ്രസിന് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അംഗമായിരുന്ന സുഭാഷ് വൈസ്പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയും കോണ്‍ഗ്രസ് പാനലില്‍ കേരള കോണ്‍ഗ്രസിലെ കെ.കെ.ഡാനിയേലും, ഇടതുമുന്നണിയുടെ പാനലില്‍ സിപിഐയിലെ ഗീതമ്മയും മല്‍സരിക്കുകയും ചെയ്തു. 16 അംഗ ഭരണസമിതിയില്‍ 10 വോട്ട് ലഭിച്ചതിനെതുടര്‍ന്ന് കെ.കെ.ഡാനിയേലിനെ വരണാധികാരി വൈസ്പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തു.
ഇതിന് ശേഷമാണ് നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. വൈസ്പ്രസിഡന്റ് സ്ഥാനം കേരളാകോണ്‍ഗ്രസിന് നല്‍കുന്നത് രഹസ്യമായി എതിര്‍ത്തിരുന്ന രാജിവച്ച വൈസ്പ്രസിഡന്റ് സുഭാഷ് പുതിയതായി തിരഞ്ഞെടുത്ത കെ.കെ.ഡാനിയേലിനെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. എതിര്‍പ്പ് ഉണ്ടായിട്ടും പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡാനിയേലിന് അനുകൂലമായി ഇവര്‍ വോട്ട് ചെയ്തത്.
എന്നാല്‍ വൈസ്പ്രസിഡന്റായി തിരഞ്ഞെടുത്ത ഡാനിയേല്‍ വഹിച്ചിരുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കാതെ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചത് നിയമവിരുദ്ധമാണെന്നും ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. ഡാനിയേല്‍ തനിക്ക് രാജിക്കത്ത് നല്‍കിയതായി സെക്രട്ടറി അറിയിച്ചെങ്കിലും രാജിക്കത്ത് നിലവില്‍ ഡാനിയേല്‍ നല്‍കിയിട്ടില്ലെന്നും സെക്രട്ടറി ഇത് മറച്ചുവയ്ക്കുകയാണെന്നും ആരോപിച്ച് സുഭാഷും കൂട്ടരും സെക്രട്ടറിയെ ഓഫീസില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് സെക്രട്ടറി ശൂരനാട് പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി ഉപരോധക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ പരാതിയില്ലെന്ന് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കേസെടുക്കാതെ വിട്ടയച്ചു. പൊതുവേ കോണ്‍ഗ്രസിനുള്ളില്‍ കുന്നത്തൂരില്‍ നടക്കുന്ന ഗ്രൂപ്പ് പോര് ഇന്നലനടന്ന സംഭവത്തോടെ വീണ്ടും രൂക്ഷമാകാനാണ് സാധ്യത. കോണ്‍ഗ്രസ് കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയും സുഭാഷിനെ വൈസ്പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിവാക്കി കെ.കെ.ഡാനിയേലിനെ കൊണ്ടുവരണമെന്ന തീരുമാനം ഏറെനാളുകള്‍ക്ക് മുമ്പേ എടുത്തിരുന്നതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: