അബുദാബി: ഫോര്‍മുലാവണ്‍ ചരിത്രത്തിലെ ഏറ്റവും നാടകീയവും അത്യന്തം വാശിയേറിയതുമായ സീസണുകളിലൊന്നിന് മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്റെ കിരീടധാരണത്തോടെ വിരാമം.
അവസാന ഗ്രാന്‍ഡ്പ്രീയായ അബുദാബിയിലെ റേസ് ജയിച്ച ഹാമില്‍ട്ടണ്‍ തന്റെ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ഏറെ വെല്ലുവിളി ഉയര്‍ത്തിയ ടീം മേറ്റ് നിക്കോ റോസ്ബര്‍ഗിനെ (317 പോയിന്റ്) പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ (384 ) ലോകജേതാവായത്. 2008ലായിരുന്നു ഹാമില്‍ട്ടന്റെ ആദ്യ ഡ്രൈവേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് നേട്ടം.
അബുദാബിയിലെ ജേതാവിന് ഡബിള്‍ പോയിന്റിന്റെ (50) ആനുകൂല്യമുണ്ടായിരുന്നു. പോള്‍ പൊസിഷനില്‍ മത്സരം തുടങ്ങിയ റോസ്ബര്‍ഗിനും സാധ്യതയേറെ. പക്ഷേ, തുടക്കത്തില്‍ തന്നെ എതിരാളികളെ മറികടന്ന ഹാമില്‍ട്ടണ്‍ ലീഡ് നിലനിര്‍ത്തി നിഷ്പ്രയാസം ചെക്കേഡ് ഫഌഗ് കണ്ടു. കാറിന്റെ സാങ്കേതിക തകരാര്‍ വിലങ്ങുതടിയായപ്പോള്‍ റോസ്ബര്‍ഗിന് 14-ാമനായി ഫിനിഷ് ചെയ്യേണ്ടിവന്നു.
വില്യംസിന്റെ ഫിലിപ്പെ മാസയും വല്‍റ്റെറി ബോട്ടാസും അബുദാബിയിലെ രണ്ടും മൂന്നും സ്ഥാനക്കാരായി. മുന്‍ ലോക ചാമ്പ്യന്‍മാരായ സെബാസ്റ്റ്യന്‍ വെറ്റല്‍ (റെഡ്ബുള്‍), ഫെര്‍ണാണ്ടോ അലോന്‍സോ (ഫെരാരി) എന്നിവര്‍ എട്ടും ഒമ്പതും ഇടങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.
















