കൊട്ടാരക്കര: മോഷണങ്ങള്‍ വ്യാപകമായിട്ടും ശക്തമായ നടപടികള്‍ ഇല്ലാത്തതുമൂലം ജനം ഭീതിയില്‍. ഉമ്മന്നൂരില്‍ രണ്ട്് വീടുകളില്‍ നിന്നായി ഇരുപത്തിയേഴ് പവനും ഇരുപതിനായിരം രൂപയും കവര്‍ന്നു. മറ്റ് രണ്ട് വീടുകളില്‍ മോഷണശ്രമവും നടന്നതോടെ ജനം ഭീതിയിലായി.
വെള്ളി രാത്രിയിലാണ് സംഭവം. ഉമ്മന്നൂര്‍ ശ്രീലതം ചന്ദ്രമോഹനന്‍പിള്ളയുടെ വീടിന്റെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ പതിനഞ്ച് പവന് സ്വര്‍ണാഭരണങ്ങളും ഇരുപതിനായിരം രൂപയും കവര്‍ന്നു. തൊട്ടടുത്ത് തന്നെയുള്ള കാര്‍ത്തികയില്‍ രവീന്ദ്രന് പിള്ളയുടെ വീട്ടില്‍ നിന്നും പന്ത്രണ്ട് പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു.
പോറ്റിമുക്കിലുള്ള കൊച്ചുനാരായണപിള്ളയുടെ വീട്ടില്‍ കടക്കാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് വിജയിച്ചില്ല. ധന്യയില്‍ രാധാകൃഷ്ണപിള്ളയുടെ വീട്ടിലെ പൂട്ട് പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കാത്തതിനെ തുടര്‍ന്ന് മോഷണം നടന്നില്ല. ഒരുദിവസം തന്നെ നാല് വീടുകളില്‍ മോഷണം നടന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊട്ടാരക്കര പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ മോഷണങ്ങള്‍ വ്യാപകമായിട്ടും പോലീസ് സംവിധാനം കാര്യക്ഷമമായി പ്രവര്ത്തിക്കുന്നിെല്ലന്ന് ആക്ഷേപമുണ്ട്. റാപ്പിഡുമായി ചേര്‍ന്ന് പോലീസ് രാത്രികാലങ്ങളില്‍ പരിശോധന കാര്യക്ഷമമായി നടത്തി എന്ന് അവകാശപെടുമ്പോള്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ജൂവലറിയില്‍ നിന്ന് മുപ്പത് പവന് സ്വര്‍ണ്ണാഭരണങ്ങളും ഒരുകിലോ വെള്ളിയാഭരണങ്ങളും ഇരുപതിനായിരം രൂപയുമാണ് കവര്‍ന്നത്. വീണ്ടും ഫ്രണ്ട്സ് ഓഫ് പോലീസുമായി രംഗപ്രവേശം ചെയ്യാനിരിക്കവെയാണ് ഉമ്മന്നൂരിലെ മോഷണം.
ടൗണിലെ വിവിധ കടകളില്‍ നടന്ന മോഷണത്തിലെ പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കുളക്കടയില്‍ അടുത്തിടെ വ്യാപകമായ മോഷണങ്ങളും മോഷണശ്രമങ്ങളും നടന്നിട്ട് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കലയപുരത്ത് രണ്ട് വീടുകളില്‍ മോഷണം നടന്നത് കൂടാതെ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയെങ്കിലും പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞില്ല.
മുസ്ലീം സ്ട്രീറ്റ്, പെരുംകുളം എന്നിവിടങ്ങളിലെ വീടുകളില്‍ നടത്തിയ മോഷണങ്ങള്‍ ഉള്‍പ്പടെ പ്രതികളെ പിടികൂടാനുള്ള മോഷണങ്ങള്‍ നിരവധിയാണ്.
എല്ലാവിധ സംവിധാനമുള്ള റൂറല്‍ പോലീസ് ആസ്ഥാനം മുതല്‍ എയ്ഡ് പോസ്റ്റുകള്‍ വരെ ഉണ്ടെങ്കിലും മോഷ്ടാക്കള്‍ കൊട്ടാരക്കരയില്‍ നിര്‍ബാധം വിഹരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: