ആലപ്പുഴ: നഗരസഭയുടെ ടൗണ്‍ഹാള്‍ ഷോപ്പിങ് കോംപ്ലക്സിലെ അനധികൃത നിര്‍മ്മാണവും കൈയേറ്റവും പൊളിച്ചുനീക്കണമെന്ന ഓംബുഡ്സ്മാന്റെ ഉത്തരവ് ഒടുവില്‍ നടപ്പാക്കി. ശനിയാഴ്ച ഉച്ചയോടെയാണ് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിധി നടപ്പാക്കിയത്. ഇതിന് മുമ്പുതന്നെ വാടകക്കാരന് കൈയേറ്റം പൊളിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പോലീസ് സംരക്ഷണയില്‍ ഉത്തരവ് നടപ്പാക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ കൗണ്‍സിലറും ഡിവൈഎഫ്ഐ നേതാവുമായ വി.ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് ഒരുദിവസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
ശനിയാഴ്ചയായിരുന്നു ഓംബുഡ്സ്മാന് ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനുള്ള അവസാനദിവസം. അനധികൃത നിര്‍മ്മാണം നടത്തിയ വാടകക്കാരന് ഹൈക്കോടതിയെ സമീപിച്ച് പൊളിക്കുന്നത് സ്റ്റേ ചെയ്യാനുള്ള ഉത്തരവ് നേടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് ഓംബുഡ്സ്മാന്റെ ഉത്തരവ് നടപ്പാക്കിയത്. അതിനിടെ വി.ജി. വിഷ്ണുവിന്റെ നടപടി സിപിഎമ്മിലും നഗരസഭാ ഭരണനേതൃത്വത്തിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നഗരസഭാ ഭരണത്തിന് മാനക്കേടുണ്ടാക്കുന്ന നടപടിയാണ് വിഷ്ണുവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. സംഭവത്തിന്റെ പേരില്‍ വിഷ്ണുവിനെതിരെ പാര്‍ട്ടി നടപടിയുണ്ടാവാനാണ് സാദ്ധ്യത. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹുമാം അല്‍ഹാദി, അഡ്വ. ഗോപകുമാര്‍ മുഖേനയാണ് അനധികൃത കൈയേറ്റത്തിനെതിരെ ഓംബുഡ്സ്മാനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: