കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ റെക്കോര്‍ഡ് ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന പോരാട്ടത്തില്‍ വിജയം ബ്ലാസ്റ്റേഴ്സിന്. ആവേശം വാനോളമുയര്‍ത്തിയ കളിയില്‍ ബ്ലാസ്റ്റേഴ്സ് കീഴടക്കിയത് കരുത്തരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ.
അന്പത്തിയെട്ടായിരത്തോളം കാണികള്‍ തിങ്ങി നിറഞ്ഞ അങ്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ബ്ലാസ്റ്റേഴ്സിന് വേണ്ടി സൂപ്പര്‍താരം ഇയാന്‍ ഹ്യൂം നാലാം മിനിറ്റിലും പെഡ്രോ ഗുസ്മാവോ 42-ാം മിനിറ്റിലും ഗോളുകള്‍ നേടിയപ്പോള്‍ കൊല്‍ക്കത്തയുടെ ആശ്വാസഗോള്‍ 55-ാം മിനിറ്റില്‍ ഫിക്രുവിന്റെ വക. ജയത്തോടെ 10 കളികളില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് 15 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. കൊല്‍ക്കത്തയുടെ രണ്ടാം തോല്‍വിയാണിത്.
തുടക്കം മുതല്‍ ഗ്യാലറിയെ ആവേശത്തിലാറാടിച്ച കളിയില്‍ ആദ്യ അവസരം ലഭിച്ചത് കൊല്‍ക്കത്തക്കായിരുന്നു. മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളി മാത്രം മുന്നില്‍നില്‍ക്കേ അവരുടെ സൂപ്പര്‍താരം ഫിക്രു തൊടുത്ത ഷോട്ട് നേരെ ഡേവിഡ് ജെയിംസിന്റെ കൈകളിലേക്കുപോയി. തൊട്ടടുത്ത മിനിറ്റില്‍ ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്ത വല കുലുക്കി. പെഡ്രോ ഗുസ്മാവോ ഇടതു വിംഗിലൂടെ കുതിച്ച് ബോക്സിനുള്ളിലേക്ക് നല്കിയ ക്രോസ് കൊല്‍ക്കത്ത ഗോളി സുഭാശിഷ് ചൗധരി തട്ടിയകറ്റിയെങ്കിലും പന്ത് കിട്ടിയത് ഹ്യൂമിന്. ഹ്യൂം അനായാസം വലകുലുക്കി. ഐഎസ്എല്ലില്‍ ഹ്യൂമിന്റെ മൂന്നാം ഗോളായിരുന്നത്.
പിന്നീട് ആക്രമണ ഫുട്ബോളിന്റെ സുന്ദരമായ ദൃശ്യങ്ങള്‍ക്കാണ് ഗ്യാലറി സാക്ഷ്യം വഹിച്ചത്. കൊല്‍ക്കത്തക്ക് വേണ്ടി ഫിക്രുവും ജോഫ്രെയും ബ്ലാസ്റ്റേഴ്സിന്റെ സ്റ്റീഫന്‍ പിയേഴ്സണുംഹ്യൂമും അതിവേഗനീക്കങ്ങളിലൂടെ എതിരാളികളുടെ താളം തെറ്റിച്ചു. 26-ാം മിനിറ്റില്‍ ഗുര്വിന്ദറിനും സന്ദേശ് ജിംഗാനും ഇടയിലൂടെ ഫിക്രു പായിച്ച ബൈസിക്കിള്‍ കിക്ക് നേരിയ വ്യത്യാസത്തില്‍ ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 41-ാം മിനിറ്റില്‍ റാഫേല്‍ റോമിയെ പിന്‍വലിച്ച് ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയെ ബ്ലാസ്റ്റേഴ്സ് രംഗത്തിറക്കി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി.
സന്ദേശ് ജിംഗാന്റെ ക്രോസ് മിലാഗ്രസ് കണക്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തലയില്‍ തട്ടാതെ പോയ പന്ത് കിട്ടിയത് ഗുസ്മാവോക്ക്. കാത്തുനിന്ന ഗുസ്മാവോ കിട്ടിയ അവസരം പാഴാക്കാതെ പന്ത് വലയിലെത്തിച്ചു.അങ്ങനെ ആദ്യപകുതി 2-0ന് സമാപിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്ത അര്‍നാല്‍ ലിബേര്ട്ടിന് പകരം സൂപ്പര്‍താരം ലൂയിസ് ഗാര്‍ഷ്യയെയും ലെസ്റ്റര്‍ ഫെര്‍ണാണ്ടസിന് പകരം ദേബ്നാഥിനെയും കളത്തിലിറക്കി ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 55-ാം മിനിറ്റില്‍ കൊല്‍ക്കത്ത ഒരു ഗോള്‍ മടക്കി.
പകരക്കാരനായി ഇറങ്ങിയ ദേബ്നാഥ് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് നല്കിയ ക്രോസ് ഹെംഗ്ബാര്‍ട്ട് ക്ലിയര്‍ ചെയ്തെങ്കിലും ഒപ്പമുണ്ടായിരുന്ന ഫിക്രുവിന്റെ കാലില്‍ത്തട്ടി വലയില്‍ കയറിയപ്പോള്‍ ഗോളി ഡേവിഡ് ജെയിംസ് നിസ്സഹായനായി. 60-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഹെംഗ്ബാര്ട്ടിനെ പിന്‍വലിച്ച് അയര്‍ലന്റ് താരം കോളിന് ഫാല്വെയെ കളത്തിലിറക്കി. തുടര്‍ന്നും ഇരുടീമുകളും ചടുല മുന്നേറ്റങ്ങള്‍ നടത്തി. 75-ാം മിനിറ്റില്‍ പെഡ്രോ ഗുസ്മാവോയെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍താരം മൈക്കല്‍ ചോപ്രയ്ക്ക് അവസരം നല്കി.
ആദ്യരണ്ട് കളികളികള്ക്കുശേഷം പരിക്കേറ്റ് സൈഡ്ബെഞ്ചിലിരുന്ന ചോപ്ര ഏഴ് മത്സരങ്ങള്‍ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയണിഞ്ഞത്. തൊട്ടുപിന്നാലെ ചോപ്ര ഒരു അവസരം സൃഷ്ടിച്ചെങ്കിലും ലക്ഷ്യം തെറ്റി. 83-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡ് ഉയര്‍ത്തിയെന്നു തോന്നിച്ചെങ്കിലും ക്രോസ് ബാര്‍ വിലങ്ങുതടിതീര്‍ത്തു.
ഗോഡ്വിന് ഫ്രാങ്കോയുടെ തകര്‍പ്പന്‍ ഷോട്ട് ഉജ്ജ്വലമായി പറന്ന് കുത്തിയകറ്റാന്‍ കൊല്‍ക്കത്തന്‍ ഗോളി സുഭാശിഷ് ചൗധരി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടിതെറിച്ചു. ഇഞ്ചുറി സമയത്ത് കൊല്‍ക്കത്ത ബ്ലാസ്റ്റേഴ്സ് വല കുലുക്കിയെങ്കിലും റഫറിയുടെ കണ്ണില്പ്പെടാതിരുന്നതോടെ ഗോള്‍ അനുവദിച്ചില്ല.
ജോഫ്രെയുടെ ക്രോസ് ഫിക്രു ഹെഡ്ഡറിലൂടെ ലൂയിസ് ഗാര്‍ഷ്യക്ക് മറിച്ചുകൊടുത്തു. പന്ത് കിട്ടിയ ഗാര്‍ഷ്യ പായിച്ച ബുള്ളറ്റ് ഷോട്ട് ഡേവിഡ് ജെയിംസിനെ മറികടന്ന് ക്രോസ്ബാറില്‍ത്തട്ടി വലയ്ക്കുള്ളിലേക്ക് വീഴുകയും ചെയ്തു. എന്നാല്‍ ഇത് ലൈന്‍ റഫറിയോ മെയിന്‍ റഫറിയോ കാണാതിരുന്നതോടെ കൊല്‍ക്കത്തക്ക് അര്‍ഹതപ്പെട്ട ഗോള്‍ അന്യം. ഇതോടെ ഉറപ്പായ സമനിലയാണ് അവര്‍ക്ക് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: