ചാത്തന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നിശാക്യാമ്പില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലി.
ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ തല്ലിയപ്പോള്‍ കാഴ്ചക്കാരായി കയ്യടിച്ച് എ ഗ്രൂപ്പുകാരുമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് ബി.ആര്.മഹേഷ് പങ്കെടുത്ത ക്യാമ്പ് ഒറ്റ മണിക്കൂറില്‍ ഒതുങ്ങി.
ബ്ലോക്ക് ക്യാമ്പ് നടന്നത് ചാത്തന്നൂരില്‍. ഉദ്ഘാടകന്‍ പരവൂരിലെ കെപിസിസി അംഗം. ചാത്തന്നൂരിലെ ബ്ലോക്കില്‍ നിന്നുള്ള കെപിസിസി അംഗത്തിന് ക്ഷണം പോലുമുണ്ടായില്ല. സ്ഥലവാസിയായ കോണ്‍ഗ്രസിലെ മണ്ഡലം പ്രസിഡന്റിനും ക്ഷണമുണ്ടായില്ല. മണ്ഡലത്തിലെ ചുമതലക്കാരനായ ഡിസിസി ഭാരവാഹി അനില്‍ നാരായണനും ക്ഷണമുണ്ടായില്ല.
ഉദ്ഘാടകന്‍ പ്രസംഗം തുടങ്ങിയ ഉടനെ യൂത്ത് കോണ്‍ഗ്രസ് ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. എന്തുകൊണ്ട് മറ്റുള്ള ഭാരവാഹികളെ വിളിച്ചില്ല എന്ന ചോദ്യത്തിന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അസഭ്യവര്‍ഷം നടത്തിയതായി ഇറങ്ങിയപ്പോയവര് പറഞ്ഞു. തുടര്‍ന്ന് പൂതക്കുളത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസുകാരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഉണ്ടെന്നും അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ബഹളം തുടങ്ങി ഇതോടെ മറുവിഭാഗം കയ്യാങ്കളിക്ക് മുതിര്‍ന്നതോടെ തമ്മില്തല്ലായി.
അതിനിടയില്‍ വനിതാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവനും കൊണ്ട് ഹാള്‍ വിട്ടു. ആദ്യം ഇറങ്ങിപ്പോയവര്‍ കയ്യില്‍ കിട്ടിയ ഭക്ഷണപൊതികളുമായി സ്ഥലം വിട്ടതിനാല്‍ ബാക്കിയുള്ളവര്‍ ഭക്ഷണം കിട്ടാതെ അടുത്തുള്ള ഹോട്ടലില്‍ അഭയം തേടി. രണ്ടരമിനിറ്റ് നീണ്ടുനിന്ന മുഖ്യപ്രഭാഷണവും എല്ലാംകൂടി അരമണിക്കൂറിലൊതുങ്ങി.
ചാത്തന്നൂരിലെ പ്രബലമായ ഐ ഗ്രൂപ്പിലേക്ക് വയലാര്‍ ഗ്രൂപ്പ് കൂടി ചേര്‍ന്നതോടെ നിലവിലുള്ള ഐ ഗ്രൂപ്പിനെ വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പ് ഹൈജാക്ക് ചെയ്തതിന്റെ മുഖ്യതെളിവാണ് ചാത്തന്നൂരില്‍ നിന്നുള്ള കെപിസിസി മെമ്പറെ അവഗണിച്ച് പരവൂരില്‍ നിന്നുള്ള മെമ്പറെകൊണ്ട് ഉദ്ഘാടനം ചെയ്തതെന്ന് ഐ ഗ്രൂപ്പിലെ ഒരുവിഭാഗം ആരോപിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവിന്റെ അനുയായിയാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൊട്ടിയം സാജന്.
സാജന് വഴി ബിന്ദുകൃഷ്ണ യൂത്ത് കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള ശ്രമത്തിനെതിരായുള്ള പടപ്പുറപ്പാടിന്റെ സൂചനയാണ് യൂത്ത് കോണ്‍ഗ്രസ് യോഗം അലങ്കോലമായതെന്ന് മറുവിഭാഗം പറയുന്നു. ഇതിനിടയില്‍ ചാത്തന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും സഹപ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. രണ്ട് ദിവസത്തിനകം കൂടുതല്‍പേര്‍ രാജിവയ്ക്കണമെന്നും വിമതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: