കൊട്ടിയം: ആയുര്‍വേദത്തിലൂടെ മനുഷ്യായുസ് സംരക്ഷിക്കുവാന്‍ മയ്യനാട് ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ ആശുപത്രിക്കുവേണ്ടി സ്വന്തമായി ഉണ്ടാക്കിയ കെട്ടിടം ഉദ്ഘാടനം നടത്തുന്നതിന് മുമ്പേ മരണമടയുന്ന അവസ്ഥയിലാണ്.
1982ല്‍ ഫെബ്രുവരി 13ന് മന്ത്രിയായിരുന്ന ജെ.ചിത്തരഞ്ജന് ഉമയനല്ലൂരില്‍ ഉദ്ഘാടനം ചെയ്ത ആശുപത്രി അന്നുമുതല്‍ ഇന്നുവരെ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
വാടകകെട്ടിടത്തിന് ശാപമോക്ഷം ലഭിക്കുന്നതിനുവേണ്ടി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ദേശീയപാതയില്‍ അരകിലോമീറ്ററോളം ഉള്ളിലായി മാടച്ചിറയുടെ തീരത്ത് തികച്ചും വെള്ളകെട്ടായഭാഗത്ത് കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗപ്രദമല്ലാത്ത സ്ഥലത്ത് അഞ്ചുസെന്റ് വസ്തു വാങ്ങുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി എ.എ.അസീസ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ അനുവദിച്ചു. തുടര്‍ന്ന് കെട്ടിടനിര്‍മ്മാണം ആരംഭിച്ചു. ആയുര്‍വേദ കെട്ടിടത്തിന്റെ കൂടെ കൂട്ടികെട്ടി പഞ്ചായത്തിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ഒരു അങ്കന്‍വാടിക്ക് കൂടി ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം ചുറ്റുമതില്‍ അടക്കമുള്ള പണി പൂര്‍ത്തിയായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരുന്നു. ഉദ്ഘാടനം എന്ന് എന്ന ചോദ്യം മാത്രം ബാക്കി നില്ക്കുന്നു.
ഉദ്ഘാടനം ഇനി നടത്തണമെങ്കില്‍ കെട്ടിടത്തിനുവേണ്ടി ലക്ഷങ്ങള്‍ അനുവദിച്ച് പുതിയ ഫണ്ട് കണ്ടെത്തണം. ചുറ്റുമതിലിന്റെ അടിസ്ഥാനമടക്കം പൂര്‍ണമായും തകര്‍ന്ന് കഴിഞ്ഞു. ടൈല്‍സ് പാകിയ തറയുടെ പലഭാഗങ്ങളും തകര്‍ന്ന് വലിയ കുഴികളായി. ജനല്‍ചില്ലുകളെല്ലാം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. വെള്ളക്കെട്ടുള്ള പ്രദേശമായിരുന്നിട്ടുപോലും ഇവിടെ മണ്ണിട്ട് നികത്തിയതല്ലാതെ റോഡ് റോളര്‍ ഉപയോഗിച്ച് വേണ്ടരീതിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയിട്ടില്ല.
അതുകൊണ്ടുതന്നെ കെട്ടിടത്തിന് മൊത്തത്തില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഈ ആശുപത്രിയിലേക്ക് വരണമെങ്കില്‍ ദേശീയപാതയില്‍ നിന്നും അരകിലോമീറ്ററിലധികം യാത്ര ചെയ്യണം. മൂന്നാം വാര്‍ഡിലെ കുട്ടിക്ക് ഇവിടെ നിര്‍മ്മിക്കുന്ന അങ്കന്‍വാടിയില്‍ എത്തണമെങ്കില്‍ മൂന്നുനാല് കിലോമീറ്റര്‍ കറങ്ങിവരേണ്ട അവസ്ഥയാണ്.
ഉമയനല്ലൂര്‍ എസ്റ്റേറ്റ് പാതയില്‍ നിന്നും അമ്പതുമീറ്റര്‍ ഉള്ളിലാണ് ഈ കെട്ടിടം. പക്ഷെ റോഡില്‍ നിന്നും ഇവിടേക്ക് വരുവാന്‍ വഴിയില്ല. മാടച്ചിറ ഏലായുടെ മുക്കാല്‍ ഭാഗത്തോളം റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കയ്യിലാണ്. ഇതില്‍ ഭൂരിഭാഗവും മുന്‍പഞ്ചായത്ത് പ്രസിഡന്റിന്റെ ബന്ധുക്കളുടേതാണെന്ന ആരോപണവുമുണ്ട്. ഈ ഭാഗമെല്ലാം തന്നെ കോണ്‍ക്രീറ്റ് ഭിത്തികള്‍ കെട്ടി മണ്ണിട്ട് നികത്താനുള്ള തയ്യാറെടുപ്പിലാണ്.
ആശുപത്രിയുടെ പേരില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാന്‍ വേണ്ടി വഴിയുണ്ടാക്കണമെന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് സഞ്ചാരയോഗ്യമല്ലാത്ത ഈ പ്രദേശത്ത് ആശുപത്രി സ്ഥാപിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: