മൂവാറ്റുപുഴ: വഞ്ചിയുടെ ആകൃതിയിലുള്ള ചെമ്പുകട്ടിയില് സ്വര്ണ്ണംകളര് പൂശി സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വില്പന നടത്താന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റുചെയ്തു. മൂവാറ്റുപുഴ എസ്ഐ പി.എച്ച്.സമീഷും സംഘവും കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ആസാം സ്വദേശികളായ ഹൈദര്‍ അലി(23), മുഹമ്മദ് സുഹൈല്‍(22) എന്നിവരാണ് ഒരുകിലോഗ്രാം തൂക്കമുള്ള വ്യാജ സ്വര്‍ണ്ണവുമായി പിടിയിലായത്.
പെരുവംമൂഴി ഭാഗത്ത് താമസിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികളായ പ്രതികള്‍ പെരുമറ്റത്ത് ബിസിനസ് നടത്തുന്ന കുന്നുംപുറം ബഷീറിനെയാണ് വ്യാജസ്വര്ണ്ണംകൊടുത്ത് പണം തട്ടാന്‍ ശ്രമിച്ചത്. 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം 15 ലക്ഷം രൂപയ്ക്ക് വില്പന നടത്തുന്നതിനാണ് പ്രതികള്‍ ബഷീറിന്റെ അടുത്ത് ചെന്നത്.
ആദ്യം പ്രതികള്‍ യഥാര്‍ത്ത സ്വര്‍ണം എടുത്തു. പിന്നീട് വ്യാജ സ്വര്‍ണം കാണിക്കുകയായിരുന്നു. സംശയംതോന്നിയ ബഷീര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കട്ടി പരിശോധിച്ചെങ്കിലും സ്വര്‍ണ്ണത്തിന്റെ അംശംപോലും കട്ടിയില്‍ ഉണ്ടായിരുന്നില്ല. വഞ്ചിയുടെ ആകൃതിയിലുള്ള സ്വര്‍ണ്ണക്കട്ടി ഒരു അന്യ സംസ്ഥാനക്കാരന് പെരുമ്പാവൂര്‍ ഭാഗത്തുവെച്ച് കൊടുത്തതാണെന്നാണ് പോലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ പറഞ്ഞത്. പ്രതികളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
മൂവാറ്റുപുഴ ഡിവൈഎസ്പി ആന്റണി തോമസിന്റെ നിര്‍ദ്ദേശപ്രകാരം എസ്ഐ സമീഷ്, എഎസ്ഐ ജോര്‍ജ് ജോസഫ്, എസ്സിപിഒ മാരായ രാജേഷ്. ജോണ്‍, സലീം എന്നിവര്‍ ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: