കോട്ടയം: മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് സേവന പ്രവര്‍ത്തനം ചെയ്യുന്ന സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാന്‍ ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിലെ ഭരണ പ്രതിപക്ഷങ്ങളുടെ ശ്രമം. മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിനു സമീപം കാലങ്ങളായി മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലം വൃത്തിയാക്കുകയും അവിടെ സേവാ ഭാരതിയുടെ നാലു ആംബുലന്‍സുകള്‍ പാര്‍ക്കു ചെയ്തതുമാണ് ആര്‍പ്പൂക്കര പഞ്ചായത്തിലെ ഭരണകക്ഷിയെയും പ്രതിപക്ഷത്തെയും വ്യാകുലപ്പെടുത്തുന്നത്. ആംബുലന്‍സുകള്‍ ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ പഞ്ചായത്തംഗങ്ങള്‍ മെഡിക്കല്‍ കോളേജ് റോഡ് ഉപരോധിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ രോഗികളുമായി ആശുപത്രിയിലേക്ക് എത്തിയ ആംബുലന്‍സുകള്‍ റോഡില്‍ കുടുങ്ങുകയും ചെയ്തു. പിന്നീട് ഏറെ പണിപ്പെട്ടാണ് ആംബുലന്‍സുകള്‍ക്ക് ആശുപത്രിയിലേക്ക് എത്താന്‍ സാധിച്ചത്.
ഏറെക്കാലമായി ചപ്പുചവറുകളും മാലിന്യങ്ങളും നിറഞ്ഞു കിടന്നിരുന്ന പ്രദേശം സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി സേവാഭാരതി പ്രവര്‍ത്തകര്‍ കഴിഞ്ഞിടെ ശുചീകരിച്ചിരുന്നു. ഇതിനുശേഷം വീണ്ടും ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ അതിനു മുകളില്‍ മണ്ണുനിരത്തി മാലിന്യങ്ങള്‍ മറവുചെയ്യുകയും ചെയ്തു. ശുചീകരണം നടത്തിയിട്ടും വീണ്ടും ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാതിരിക്കാനുള്ള യാതൊരു നടപടിയും പഞ്ചായത്തധികൃതര്‍ എടുത്തില്ല. ഇതേത്തുടര്‍ന്നാണ് സേവാഭാരതിയുടെ നാല് ആംബുലന്‍സുകള്‍ ഇവിടെ കയറ്റിയിട്ടത്. ഇതോടെ ഈ സ്ഥലത്തെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കഴിയാതെയും വന്നു. ഈ സ്ഥലത്ത് പഞ്ചായത്തിന് നിര്‍മ്മാണപ്രവര്‍ത്തനം നടത്തണമെന്ന ആവശ്യവുമായി പഞ്ചായത്തധികൃതര്‍ രംഗത്തെത്തി. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആംബുലന്‍സുകള്‍ മാറ്റാമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും അത് അംഗീകരിക്കാതെ പോലീസില്‍ പരാതി നല്‍കാനാണ് പഞ്ചായത്ത് അധികൃതര്‍ തുനിഞ്ഞത്. ഇന്നലെ പോലീസ് സിഐയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ആംബുലന്‍സുകള്‍ മാറ്റിയിടാമെന്ന വാഗ്ദാനം സേവാഭാരതി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു. നിമിഷങ്ങള്‍ക്കകം ലോറിയില്‍ കരിങ്കല്ലിറക്കാനെത്തി. ഇതിനായി രണ്ട് ആംബുലന്‍സുകള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ മാറ്റുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ ആംബുലന്‍സും മാറ്റണമെന്ന വാശിയാണ് പഞ്ചായത്തധികൃതര്‍ കാണിച്ചത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ റോഡ് ഉപരോധിച്ചതും. സേവാ ഭാരതി പ്രവര്‍ത്തകര്‍ പിന്നീട് ആംബൂലന്സുകള് ഇവിടെ നിന്നും മാറ്റിയിടുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ ആംബുലന്‍സിന്റെ സേവനം നല്‍കുന്നത് സേവഭാരതിയാണ്. ശബരിമല തീര്‍ത്ഥാടനക്കാലം ആരംഭിച്ചതോടെ രോഗബാധിതരും അപകടത്തില്‍പ്പെട്ട് എത്തുന്ന അന്യസംസ്ഥാനക്കാരടക്കമുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്കും സേവാഭാരതിയുടെ സേവനം അനുഗ്രഹമായിരുന്നു. സേവാഭാരതിയുടെ സേവനം അട്ടിമറിക്കാനുള്ള ഇടതു- വലത് മുന്നണികളുടെ കൂട്ടായ പരിശ്രമമാണ് ഇന്നലത്തെ സംഭവങ്ങളുടെ പിന്നിലെന്നാണ് സൂചന. മെഡിക്കല്‍ കോളേജിനു സമീപം ബിഎംഎസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുന്നതിന് തടയിടാനും നീക്കം നടക്കുന്നുണ്ട്.
പഞ്ചായത്ത് അംഗീകരിച്ച ഒരു സ്റ്റാന്‍ഡു പോലും മെഡിക്കല്‍ കോളേജിന് സമീപം ഇല്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. അനധികൃതമായ കടകള്‍ക്കും ഗ്രാമപഞ്ചായത്തംഗങ്ങള്‍ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ബിഎംഎസ് ജില്ലാ സെക്രട്ടറി നളിനാക്ഷന് നായര്‍, ജോയിന്റ് സെക്രട്ടറി മനോജ് മാധവന്, കെ.വി. കൊച്ചുമോന്, വൈസ് പ്രസിഡന്റ് എന്‍.എന്‍. രാധാകൃഷ്ണന്, മേഖലാ സെക്രട്ടറി ഷാജി, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ആര്. സാനു , സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ.വി. ശങ്കരന്, മെഡിക്കല്‍ കോളേജ് ഇന്‍ചാര്‍ജ് പി. ശ്രീനിവാസന് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: