കുമാരനല്ലൂര്‍: കുമാരനല്ലൂര്‍ മേല്‍പ്പാല നിര്‍മാണം സ്തംഭിച്ചു. വേതനം ലഭിക്കാത്തതിതെത്തുടര്ന്ന് തൊഴിലാളികള്‍ പണിമുടക്കിയതാണ് കാരണം. നാലുമാസമായി വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ പണിമുടക്കി. നാലുമാസത്തെ കൂലിയായി 60 തൊഴിലാളികള്‍ക്കു മൂന്നു ലക്ഷത്തോളം രൂപയാണു നല്‍കാനുള്ളത്.
വേതനകാര്യത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ കരാറുകാരന് ഒഴിഞ്ഞുമാറുകയായിരുന്നു എന്ന് തൊഴിലാളികള്‍ ആരോപിച്ചു. അടുത്തിടെ ജോലിക്കിടെ പാലത്തില്‍നിന്നു പരുക്കേറ്റ തൊഴിലാളിക്ക് ആവശ്യമായ ചികിത്സയോ പണമോ നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. വേതനം ലഭിക്കാതായതോടെ നിരവധി തൊഴിലാളികള്‍ നാട്ടിലേക്കു തിരികെ പോയിരുന്നു.
അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി തൊഴിലാളികളുമായും എറണാകുളത്തുള്ള കരാറുകാരനുമായും ഫോണില്‍ സംസാരിച്ചു. നാളെ ഉച്ചയ്ക്കുമുമ്പായി വേതനം നല്‍കാമെന്ന ഉറപ്പിന്മേല് തൊഴിലാളികള്‍ സമരം പിന്‍വലിച്ചു. പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലായ വേളയിലാണ് വേതന കുടിശികയുടെ പേരില്‍ തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്.
പാലത്തിന്റെ ഇരുവശത്തെയും അപ്രോച്ച് റോഡുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. മൂലേടം മേല്‍പ്പാലം ഉദ്ഘാടന വേളയില്‍ കുമാരനല്ലൂര്‍ മേല്‍പ്പാലം ഡിസംബറില്‍ തുറന്നുകൊടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. സമരത്തിനു പിന്നില്‍ ചില രാഷ്ട്രീയ താത്പര്യങ്ങളാണെന്ന് ആരോപണമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: