വിശ്വഹിന്ദുപരിഷത്ത് സുവര്‍ണജയന്തി രഥയാത്ര കാസര്‍കോട് മധൂര്‍ മദനന്തേശ്വര
ക്ഷേത്രത്തില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ പി.രാഘവറെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് ഹിന്ദു ഐക്യം സാദ്ധ്യമാകണമെന്നും പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറാനുള്ള ഇച്ഛാശക്തി ഹിന്ദുസമൂഹത്തിന് ഉണ്ടാകണമെന്നും വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദ്ദേശീയ അദ്ധ്യക്ഷന്‍ പി.രാഘവറെഡ്ഡി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തിന്റെ സുവര്‍ണ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് മധൂര്‍ മദനന്തേശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിച്ച രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില് നിക്ഷേപിക്കപ്പെടുന്ന പണം സര്‍ക്കാര്‍ കവര്‍ന്നെടുത്ത് മറ്റ് സമൂഹത്തിനുവേണ്ടി ചെലവഴിക്കുകയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഹിന്ദുസമൂഹത്തിന് വേണ്ടി ചെലവഴിക്കാന്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചിന്മയാ മിഷന് കേരളഘടകം കോര്‍ഡിനേറ്റര്‍ വിവിക്താനന്ദ സരസ്വതി, ഉളിയ വിഷ്ണു ആശ്ര, സ്വാമി പ്രേമാനന്ദ, വിഎച്ച്പി കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് എം.ബി പുരാണിക്, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, സെക്രട്ടറി രാജശേഖരന്, എസ്.ജെ.ആര്.കുമാര്‍, ദിനേശ് മഠപ്പുര, അങ്കാര ശ്രീപാദ, ഡോ.മല്ലിക തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരതമാതാവിന്റെ ചിത്രം ആലേഖനം ചെയ്ത യാത്രയില്‍ കാശി ഗംഗാതീര്‍ത്ഥം, അയോദ്ധ്യയിലെ ചരട്, ലോക്കറ്റ് എന്നിവയും ലഭിക്കും. ഇന്ന് രാവിലെ 9.30ന് പൊയിനാച്ചിയിലും 11.30ന് കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനത്തും വൈകീട്ട് 3.30ന് തൃക്കരിപ്പൂരിലും സ്വീകരണം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: