ന്യൂദല്‍ഹി: സമനിലക്കെട്ട് പൊട്ടിച്ചെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ദല്‍ഹി ഡൈനാമോസിനെയാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. 61-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്.
കൊച്ചിയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുന്നത്. അതേസമയം സ്വന്തം മൈതാനത്ത് ദല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. വിജയത്തോടെ ബ്ലാസ്റ്റേഴ്സ് 9 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗോള്‍ ആവറേജില്‍ പൂനെ സിറ്റി എഫ്സിയെ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളി.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിക്ക് പകരം ഇയാന്‍ ഹ്യൂമും കോളിന് ഫാല്‍വെക്ക് പകരമായി ഗുര്‍വിന്ദര്‍ സിംഗും കളത്തിലിറങ്ങി. അതേസമയം ദല്‍ഹി ഡൈനാമോസ് ഗോവ എഫ്സിക്കെതിരെ ഇറങ്ങിയ ടീമില്‍ നിന്ന് ആറ് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. സൂപ്പര്‍താരം ഡെല്‍പിയറോ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനൊരുങ്ങി ബ്ലാസ്റ്റേഴ്സ് 4-3-3 ശൈലിയിലും ദല്‍ഹി 4-4-1-1 ശൈലിയിലുമാണ് കളത്തിലിറങ്ങിയത്.
എന്നാല്‍ കളിയുടെ തുടക്കം മുതല്‍ ദല്‍ഹിയുടെ മുന്നേറ്റമായിരുന്നു. കളം നിറഞ്ഞ ഡെല്‍പിയറോയെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വിഷമിച്ചു. എന്നാല്‍ സഹതാരങ്ങള്‍ക്ക് അവസരത്തിനൊത്തുയരാന്‍ കഴിയാതിരുന്നതോടെ ഗോള്‍ മാത്രം പിറന്നില്ല.
കളിയുടെ 25-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് എതിര് ഗോള്‍മുഖത്തേക്ക് ആദ്യ ആക്രമണം നടത്തിയത്. സ്റ്റീഫന്‍ പിയേഴ്സണൊപ്പം ഇയാന്‍ ഹ്യൂമും കളംനിറഞ്ഞതോടെ ബ്ലാസ്റ്റേഴ്സും മികച്ച ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ചു. ഇരു ടീമുകളും തുടര്‍ച്ചയായി എതിര്‍ഗോള്‍മുഖം ലക്ഷ്യംവെച്ച് കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ഗോള്‍ പിറക്കാതിരുന്നതോടെ ആദ്യപകുതി 0-0ന് സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയിലും മികച്ച ഫുട്ബോളാണ് ഇരുടീമുകളും കാഴ്ചവെച്ചത്. 56-ാം മിനിറ്റില്‍ റാഫേല്‍ റോമിക്ക് പകരം പെന്‍ ഓര്‍ജി കളത്തിലെത്തി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങള്‍ക്ക് ഒന്നുകൂടി മൂര്‍ച്ചകൂടി. തുടര്‍ച്ചയായ ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 61-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ഇയാന്‍ ഹ്യൂം പന്തുമായി വലതുവിംഗിലൂടെ മുന്നേറി ബോക്സില്‍ നില്‍ക്കുകയായിരുന്ന പെന്‍ ഓര്‍ജിക്ക് പാസ് നല്കി. പാസ് സ്വീകരിച്ച് ഓര്‍ജി പായിച്ച വലംകാലന്‍ ഷോട്ട് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഗോളിയായ വാന്‍ ഹൗട്ടിനെ കീഴടക്കി വലയില്‍ കയറി.
നാല് മിനിറ്റിന്ശേഷം ബ്ലാസ്റ്റേഴ്സിന് ലീഡ് ഉയര്‍ത്താന്‍ ഒരു സുവര്‍ണ്ണാവസരം കൂടി ലഭിച്ചു. എന്നാല്‍ ഹ്യൂമിന്റെ ഷോട്ട് ദല്‍ഹി ഗോളിയുടെ നേരെയായിരുന്നു. തൊട്ടുപിന്നാലെ ദല്‍ഹി മാഡ്സ് ജുന്‍കറിന് പകരം സാന്റോസിനെയും ബ്ലാസ്റ്റേഴ്സ് മിലാഗ്രസിന് പകരം ബാരിസിക്കിനെയും കളത്തിലിറക്കി. 74-ാം മിനിറ്റില്‍ ഡെല്‍പിയറോ എടുത്ത ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി ഡേവിഡ് ജെയിംസ് വീണുകിടന്ന് കയ്യിലൊതുക്കി. പിന്നീട് അവസാന മിനിറ്റുകളില്‍ ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സും സമനിലക്കായി ഡൈനാമോസും നിരവധി തവണ എതിര് ഗോള്‍മുഖം വിറപ്പിച്ചെങ്കിലും വല കുലുക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: