പാലാ: പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനായി ആരംഭിച്ച മാവേലി, സപ്ലൈകോ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതായി ആക്ഷേപം. ജീരകം, ശര്‍ക്കര, ഉഴുന്ന്, പരിപ്പ്, വന്‍പയര്‍, ചെറുപയര്‍, വറ്റല്‍മുളക് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം ഇരട്ടി വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്ന സ്ഥാപനങ്ങളായി മാവേലി സ്റ്റോറും സപ്ലൈകോയും മാറിയിരിക്കുകയാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകള്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ വലിയ ആശ്വാസവും ആശ്രയവുമായിരുന്നു. എന്നാലിപ്പോള്‍ പല സാധനങ്ങള്‍ക്കും പുറത്തുള്ളതിനേക്കാള്‍ കൂടുതല്‍ വില ഈ സ്ഥാപനങ്ങളില്‍ കൊടുക്കേണ്ടതായി വരുന്നു. പൊതുമാര്‍ക്കറ്റില്‍ രണ്ടാം തരമായും മൂന്നാം തരമായും ലഭിക്കുന്ന സാധനങ്ങളാണ് ഇവിടെ വില്‍ക്കുന്നതെന്നും ആരോപണമുണ്ട്.
സപ്ലൈകോ അധികൃതരുടെ അഴിമതിയും കാര്യക്ഷമതയില്ലായ്മയും മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ യാതൊരു മാനദണ്ഡവുമില്ലാതെ വില വര്‍ധിപ്പിക്കുകയാണെന്നും ഉപഭോക്താക്കള്‍ പറയുന്നു.
സര്‍ക്കാരിന്റെ ശബരി ഉല്പന്നങ്ങള് പലപ്പോഴും മാവേലി സ്റ്റോറുകളില്‍ ഇല്ല. എന്നാല്‍ മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം ലഭ്യമാണ്. ഓരോ പ്രദേശങ്ങളിലും അധികൃതരുടെ സ്ഥാപിത താല്പര്യങ്ങള് സംരക്ഷിക്കുന്ന സ്വകാര്യ കമ്പനികളുടെ സാധനങ്ങളാണ് അവരുടെ അധികാര പരിധിയില്‍ വരുന്ന മാവേലി സ്റ്റോറുകളിലും സപ്ലൈകോയിലും വിറ്റഴിക്കുന്നതെന്നും പറയപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലുള്ള മാവേലി സ്റ്റോറുകള്‍ രാവിലെ 10ന് തുറന്ന് ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വീണ്ടും മൂന്നിന് തുറന്ന് 7ന് കച്ചവടം അവസാനിപ്പിക്കും. ഇതുമൂലം വിവിധ ജോലികള്‍ക്കായി ദൂരെ സ്ഥലങ്ങളില്‍ പോകുന്ന സാധാരണക്കാര്‍ക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ്. സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കത്തക്കവിധത്തില്‍ സമയത്തില്‍ മാറ്റം വരുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: