പുനലൂര്‍: ശബരിമല ക്ഷേത്രവുമായി അഭേദ്യമായ ഐതിഹ്യബന്ധമുള്ള മൂന്ന് മഹാക്ഷേത്രങ്ങള്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ ഭക്തിപ്രഭ ചൊരിഞ്ഞ് നിലകൊള്ളുന്നു. ഇന്നുമുതല്‍ ഈ കാനന പാതകള്‍ ശരണാരവങ്ങളാല്‍ മുഖരിതമാകും.
ഇന്ന് വൃശ്ചികം ഒന്ന്. അയ്യപ്പഭക്തരെ ഭക്തിയുടെ നെറുകയില്‍ എത്തിക്കുന്ന ദിവസം. ഇനി നാടും നഗരവും അയ്യപ്പകീര്‍ത്തനാലാപനങ്ങളാല്‍ മുഖരിതമാകും. ശബരിമല പാതയ്‌ക്കൊപ്പം കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന അയ്യപ്പക്ഷേത്രങ്ങളും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
പ്രമുഖ ശാസ്താക്ഷേത്രങ്ങളായ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ ക്ഷേത്രങ്ങളിലേക്ക് ഭക്തജനപ്രവാഹം ആരംഭിച്ചു കഴിഞ്ഞു.
ശരണമന്ത്രങ്ങളും വ്രതശുദ്ധിയും പവിത്രതയേകുന്ന നാളുകള്‍ ജാതിമതഭേദമന്യേ ഉത്സവദിനങ്ങളായി മാറും. ശാസ്താവിന്റെ വിവിധ അവസ്ഥയാണ് മൂന്ന് ക്ഷേത്രങ്ങളിലും പ്രതിനിധാനം ചെയ്യുന്നത്. കുളത്തൂപ്പുഴയില്‍ ബാല്യം, ആര്യങ്കാവില്‍ യൗവനം, അച്ചന്‍കോവിലില്‍ ഗൃഹസ്ഥാശ്രമം എന്നിങ്ങനെയാണ് പ്രതിഷ്ഠകള്‍.
ശബരിമലയ്‌ക്ക് പോകുവാന്‍ എത്തുന്ന ഭക്തന്മാര്‍ ഈ പുണ്യസങ്കേതത്തിലെ ദര്‍ശനവും കഴിഞ്ഞാണ് നീങ്ങുന്നത്. കാനന മധ്യത്തായി സ്ഥിതിചെയ്യുന്ന ഈ മൂന്ന് ക്ഷേത്രങ്ങളിലേക്കും ഉള്ള യാത്രാവഴികള്‍ അപകടം നിറഞ്ഞതും ദുര്‍ഘടവുമാണ്. എന്നാല്‍ തീര്‍ത്ഥാടനകാലത്തിന് മുമ്പെ വൃത്തിയാക്കുവാനും മറ്റും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ ഉള്ള ഈ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് വിരിവയ്‌ക്കുവാനോ വിശ്രമിക്കുവാനോ പ്രാഥമികസൗകര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. റോഡുകളുടെ തകര്‍ച്ചയ്‌ക്കൊപ്പം ശബരിമല ഇടത്താവളങ്ങള്‍ എന്ന പേരില്‍ ദേവസ്വം നല്‍കുന്ന സൗകര്യങ്ങളും പരിമിതമാണ്.
ഇവിടെ കുടിവെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാത്തതിനാല്‍ ഇവര്‍ക്ക് സഹായഹസ്തവുമായി എത്തുന്നത് തീര്‍ത്ഥാടനവഴികളിലെ മറ്റ് സന്നദ്ധസംഘടനകളുടെ സഹായമാണ്. ഈ കാനന ക്ഷേത്രങ്ങളിലേക്ക് പോകുവാന്‍ തീര്‍ത്ഥാടകര്‍ ഏറെ ആശ്രയിക്കുന്ന പുനലൂര്‍, പത്തനാപുരം, കുളത്തൂപ്പുഴ, ആര്യങ്കാവ്, കൊട്ടാരക്കര കെ.എസ്.ആര്‍.ടിസി ഡിപ്പോകളില്‍ നിന്നും ആവശ്യത്തിന് ബസ് സര്‍വീസുകള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഇനിയുള്ള നാളുകള്‍ ഈ ദുര്‍ഘടാവസ്ഥ തരണം ചെയ്ത് മാത്രമേ തീര്‍ത്ഥാടകര്‍ക്ക് ഇവിടെ പിന്നിടാന്‍ സാധിക്കൂ.
തെങ്കാശി കാശിവിശ്വനാഥ ക്ഷേത്രം, തെങ്കാശി കുറ്റാലം, തിരുമലൈ ക്ഷേത്രം, അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രം, ആര്യങ്കാവ് ശാസ്താ ക്ഷേത്രം, കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രം തുടങ്ങി ചരിത്രപ്രാധാന്യമുള്ള നിരവധി പുണ്യസ്ഥലങ്ങള്‍ ഉള്ളതിനാലാണ് അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ ശബരിമല യാത്രയ്‌ക്ക് കൂടുതലായി കേരളത്തിന്റെ കിഴക്കന്‍ മേഖല വഴി തന്നെ തെരഞ്ഞെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: