വാര്‍ധക്യം എന്നത് സ്വപ്നമല്ല. ഏവരെയും കാത്തിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഒരായുസിന്റെ അവസാനനാളുകള്‍. ചിലര്‍ക്കത് സന്തോഷത്തിന്റെ മധുരമാര്‍ന്ന പുത്തന്‍ അനുഭവങ്ങളാക്കാന്‍ സാധിക്കുന്നു. മറ്റു ചിലര്‍ക്കാകട്ടെ അത് കയ്പ്പേറിയ വിരക്തിയുടെയും ദുരന്തത്തിന്റെയും നാളുകളാണ്.
മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് മരണപ്പെട്ടിട്ടും വേദനയുടെ പര്യായമായി സമൂഹത്തിന് മുന്നില്‍ അടയാളപ്പെട്ട കൊല്ലം പത്തനാപുരത്തെ പാറുക്കുട്ടിയമ്മയാണ് കയ്പ്പാര്‍ന്ന ഈ സാമൂഹ്യസത്യത്തിന്റെ അവസാന തെളിവ്. നാലുമക്കള്‍ ഉണ്ടായിരുന്നു ഈ അമ്മക്ക്.
അവസാന നാളുകളില്‍ ആരും അടുത്തില്ല. മരിച്ച് രണ്ടാഴ്ച കഴിഞ്ഞ് ദുര്‍ഗന്ധം വമിച്ചപ്പോഴാണ് വീടിനുള്ളിലേക്ക് നാട്ടുകാര്‍ നോക്കുന്നത്. താമസിയാതെ മക്കളെത്തി. എന്നാലത് അമ്മക്ക് മാന്യമായൊരു അന്ത്യയാത്ര നല്‍കാനായിരുന്നില്ല.
സ്വത്ത് ഭാഗം വയ്ക്കാനുള്ള ആര്‍ത്തിയായിരുന്നു പിന്നില്‍. നാട്ടുകാര്‍ നോക്കിനില്‍ക്കെ നിസാരചെലവുകള് പറഞ്ഞ് അവര്‍ ഏറ്റുമുട്ടി. വാര്‍ധക്യത്തില്‍ ആ അമ്മ അനുഭവിച്ച ദുരന്തത്തിന്റെ തീവ്രത ഇതോടെ നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തില്‍ വയോജനങ്ങളുടെ സ്ഥിതി വളരെ കഷ്ടത്തിലാണ്. നിയമങ്ങള്‍ നിരവധിയുണ്ടെങ്കിലും പെറ്റമ്മക്ക് പരാതിയുണ്ടാവില്ല. മക്കള്‍ക്കെതിരെ ഒരു കോടതിയിലും പരാതികള്‍ പറയില്ല. എത്രയെത്ര അനുഭവങ്ങള്‍ തെളിവാണതിന്.
44 ലക്ഷം വയോജനങ്ങളാണ് സംസ്ഥാനത്തുള്ളത്. അതിലേറെയും ആശ്രയമറ്റവരാണ്. 67 ശതമാനം വരുമിത്. നാലുലക്ഷം പേര് മാത്രമാണ് ഏതെങ്കിലും പേരില്‍ ഒരു പെന്ഷന് നേടുന്നത്. ഭൂരിഭാഗവും മക്കളുടെയോ ബന്ധുക്കളുടെയോ ആശ്രയം കാംക്ഷിക്കുന്നവര്‍ എന്ന് ചുരുക്കം. എന്നാല്‍ മക്കളോ സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വൃദ്ധമാതാപിതാക്കളെ തെരുവില്തള്ളുന്നു. വയോജനങ്ങളില്‍ 57 ശതമാനം പേരും പോഷകാഹാരം ലഭിക്കാത്തതുമൂലമാണ് മരിക്കുന്നതെന്നാണ് സാമൂഹ്യാരോഗ്യസംഘടനയുടെ കണ്ടെത്തല്‍. ഒരു പ്രായം കഴിഞ്ഞാല്‍ നല്ല ഭക്ഷണം പോലും അന്യമാകുന്നുണ്ട് നമ്മുടെ വന്ദ്യവയോധികര്‍ക്ക്. വയോജനങ്ങളില്‍ ഏറെയും സ്ത്രീകളാണ്. ഇതില്‍ 77 ശതമാനവും വിധവകളാണെന്നതാണ് മറ്റൊരു സത്യം. വൃദ്ധജനങ്ങളുടെ ജീവിതനിലവാരത്തില്‍ അന്തര്‍ദേശീയ തലത്തില്‍ പോലും ഏറെ പിന്നിലാണ് ഭാരതം.
91 രാജ്യങ്ങളുടെ കണക്കെടുത്തപ്പോള്‍ അതില്‍ 72 മതാണ് നമ്മുടെ രാജ്യം. ഒരായുസ് മുഴുവന്‍ സമൂഹത്തിനും മക്കള്‍ക്കും വേണ്ടി അധ്വാനിച്ച് അവസാന നാളുകള്‍ക്കായി കാത്തിരിക്കുന്ന ഇവര്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുന്നത് വെറും അഞ്ച് ശതമാനം തുക മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: