ആലപ്പുഴ: രണ്ടു പതിറ്റാണ്ടിനുശേഷം ചിത്തിരക്കായല് പാടശേഖരത്ത് കൃഷിയിറക്കി. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് പാടത്ത് വിത്തെറിഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ചു. ചിത്തിരക്കായലില്‍ നടപ്പാക്കുന്ന പച്ചക്കറി വികസനപദ്ധതി പച്ചക്കറിതൈ നട്ട് കൊടിക്കുന്നില്‍ സുരേഷ് എംപിയും തൈ നട്ട് കേരവൃക്ഷപദ്ധതി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറും ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. 715 ഏക്കര്‍ വരുന്ന ചിത്തിര കായലിലെ 406 ഏക്കറിലാണ് കൃഷിയിറക്കിയത്. കക്കാഖനനം മൂലം കുഴിയായ നിലം ഉണക്കിയശേഷം ഒരുക്കിയെടുത്ത് അടുത്ത വര്‍ഷമേ കൃഷിയിറക്കൂ.
ഉമ ഇനത്തിലുള്ള വിത്താണ് വിതച്ചത്. 60 കുതിരശക്തിയുള്ള നാലു പമ്പുകളും 40 കുതിരശക്തിയുള്ള ഒരു പമ്പും ഉപയോഗിച്ച് ഒരുമാസം കൊണ്ടാണ് കായലിലെ വെള്ളം പൂര്‍ണമായി വറ്റിച്ചത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി 24 കോടി രൂപ ചെലവഴിച്ചുള്ള ബണ്ടു ബലപ്പെടുത്താനുള്ള പ്രവൃത്തികള്‍ 98 ശതമാനവും പൂര്‍ത്തീകരിച്ചു. 90.61 ലക്ഷം രൂപ മുടക്കിയാണ് റാണി-ചിത്തിര കായലിലേക്ക് വൈദ്യുതി കണക്ഷന് എത്തിച്ചത്. നാലുകോടിയോളം രൂപയാണ് പാടശേഖരസമിതി കൃഷിക്കായി വിനിയോഗിക്കുക.
ചാലുകള്‍ എടുക്കുന്നതിന് സര്‍ക്കാര്‍ 3.6 ലക്ഷം രൂപ അനുവദിച്ചിരുന്നു. കായലിലെ ചുറ്റുബണ്ടിനു സമീപപ്രദേശങ്ങളിലെ ചിറകളിലും ഈ വര്‍ഷം നെല്‍കൃഷി ചെയ്യാത്ത പ്രദേശത്തും ജൈവ പച്ചക്കറി കൃഷി ആരംഭിക്കും. കൃഷി വകുപ്പ്, ഹോര്‍ട്ടികോര്‍പ്, ആത്മ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി. 100 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തും. വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനായി ചിത്തിരക്കായലിന്റെ കിഴക്കുഭാഗത്തെ പുറംബണ്ടിനു സമീപം 100 ഏക്കറില്‍ പൈല് ആന്‍ഡ് നെറ്റ് സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള പദ്ധതിയുടെ സാധ്യതയും ആരായുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: