തൃപ്പുണിത്തുറ: മദ്ധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന സന്താനഗോപാലമൂര്‍ത്തിയായ ശ്രീ പൂര്‍ണ്ണത്രയീശന്റെ വൃശ്ചികോത്സവം 20ന് ആരംഭിച്ച് 27ന് ആറാട്ടോടെ സമാപിക്കും. ആനപ്രേമികളുടെയും മേളപ്രേമികളുടെയും പ്രിയപ്പെട്ട ഉത്സവമാണ് ഇത്. ക്ഷേത്രകലകള്‍ മാത്രം അരങ്ങേറുന്ന സംഗീതജ്ഞരുടെ കച്ചേരിയും ഇതില്‍ പ്രഗത്ഭമതികളായ പക്കമേളക്കാരും പങ്കെടുക്കും.
കഥകളിയാണ് മറ്റൊരു ആകര്ഷകഇനം. എല്ലാ ദിവസവും രാത്രി 2ന് പ്രശസ്ത കഥകളി കലാകാരന്മാര് അണിനിരക്കുന്ന കഥകളിയും സന്താനഗോപാലം, പ്രഹ്ലാദചരിതം, ഉത്തരാസ്വയംവരം, ദേവയാനിചരിതം കിരാതം, നളചരിതം രണ്ടാംദിവസം, കുചേലവൃത്തം തുടങ്ങിയ രസകരമായ കഥയില്‍ പത്മശ്രീ കലാമണ്ഡലം ഗോപി, നെല്യോട്ട് വാസുദേവന്‍ നമ്പൂതിരി, കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍, ഫാക്ട് പത്മനാഭന്, ആര്‍എല്‍വി ദാമോദരപിഷാരടി, കോട്ടയ്ക്കല്‍ നാരായണന്, പാലനാട് ദിവാകരന് തുടങ്ങി നൂറുകണക്കിന് പ്രഗത്ഭരായവര്‍ അരങ്ങിലെത്തും.
20ന് പാലക്കാട് ശ്രീറാം, 21ന് സന്ദീപ് നാരായണന്, 22ന് വിനയ്ശര്‍മ എന്നിവരുടെ സംഗീതക്കച്ചേരി, നിത്യേന രാവിലെ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ 100ല്‍പ്പരം കലാകാരന്മാര് അണിനിരക്കുന്ന പഞ്ചാരിമേളത്തില്‍ കേളത്ത് അരവിന്ദാക്ഷന്, പെരുവനം സതീശന് മാരാര്‍, വളപ്പായ നന്ദനന്‍, കൊമ്പത്ത് അനില്‍ കുമാര്‍, ചെങ്ങമനാട് അപ്പുനായര്, മച്ചാട് രാമകൃഷ്ണന്, മച്ചാട് ഉണ്ണി, കുമ്മത്ത് രാമന്‍കുട്ടി, മണിയംപറമ്പില്‍ മണി തുടങ്ങിയ മേളക്കാര് പങ്കെടുക്കും.
രാവിലെ 15 ഗജവീരന്മാര് അണിനിരക്കുന്ന എഴുന്നള്ളിപ്പാണ് പ്രധാനം. കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാര് ഏഴുദിവസം എഴുന്നള്ളിപ്പില്‍ പങ്കെടുക്കും. രാത്രി നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പും ശീവേലിയും ഉത്സവപ്രേമികളുടെ മനം കവരുന്നതാണ്. ചിറക്കല്‍ കാളിദാസന്, തിരുവമ്പാടി ചന്ദ്രശേഖരന്, പാറമേക്കാവ് പത്മനാഭന്, കാഞ്ഞിരക്കാട് ശേഖരന്, ചെര്‍പ്പുളശ്ശേരി ശേഖരന്, നന്ദിലത്ത് അര്ജുനന്, മധുരപ്പുരം കണ്ണന് തുടങ്ങിയ ഗജകേസരികള്‍ എഴുന്നള്ളിപ്പില്‍ അണിനിരക്കും. 24 ആനകളെയാണ് ഉത്സവത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഉത്സവത്തിന് നേതൃത്വം നല്കുന്ന ശ്രീ പൂര്‍ണ്ണത്രയീശ സേവാസംഘം പ്രസിഡന്റ് ജയന് മാങ്കായില്‍, സെക്രട്ടറി വൈരേലില്‍ ഇന്ദുചൂഡന്, ദേവസ്വം ഓഫീസര്‍ ഇ.കെ. അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: