തകഴി: തീര്‍ത്ഥാടനകാലത്തും തകഴി ധര്‍മ്മശാസ്താ ക്ഷേത്രത്തെ ദേവസ്വം ബോര്‍ഡ് അവഗണിച്ചു. ഇടത്താവളത്തെ കടലാസില്‍ ഒതുക്കി. പ്രാഥമികാവശ്യങ്ങള്‍ക്കും വിരിവയ്ക്കാനും സൗകര്യം ഒരുക്കിയിട്ടില്ല. ശബരിമല ക്ഷേത്രത്തോടൊപ്പം പ്രാധാന്യം നല്കുന്ന തകഴി ധര്‍മ്മശാസ്താ ക്ഷേത്രത്തെയാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തീര്‍ത്ഥാടനകാലത്ത് പൂര്‍ണമായും അവഗണിച്ചത്.
തീര്‍ത്ഥാടനകാലത്ത് മാലയിടുവാനും ദര്‍ശനം കഴിഞ്ഞ് മാല ഊരാനും പതിനായിരങ്ങള്‍ വന്നുപോകുന്ന ക്ഷേത്രമാണ് തകഴി ധര്‍മ്മശാസ്താ ക്ഷേത്രം. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് കെട്ടുകെട്ടി ഇവിടെ വന്ന് ദര്‍ശനം നടത്താമെന്നതാണ് വിശ്വാസം. കെട്ടില്‍ അരവണ കഴിക്കുവാനുള്ള അരി, ശര്‍ക്കര തുടങ്ങിയ ഉത്പന്നങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കാറുണ്ട്.
സംസ്ഥാനത്തിന് പുറത്ത് നിന്ന് പോലും അയ്യപ്പന്മാര് ഇവിടെ എത്തിച്ചേരും. പലരും മാലയിട്ട് ഇവിടെ തന്നെ തങ്ങി മകരവിളക്ക് ദര്‍ശനത്തിന് പോകാറുണ്ട്. എന്നാല്‍ ഇവര്‍ക്ക് വിരിവയ്ക്കുവാനുള്ള ഷെഡുകള്‍ നിര്‍മ്മിക്കുവാനോ പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള കക്കൂസുകള്‍ വൃത്തിയാക്കി നല്കുവാനും ബോര്‍ഡ് തയാറായിട്ടില്ല. കക്കൂസ് സ്ഥിതി ചെയ്യുന്ന സ്ഥലം കാടുകയറിയും മലിനജലം തങ്ങിക്കിടന്നും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. വ്രതം നോറ്റ് വരുന്ന അയ്യപ്പന്മാര്ക്ക് അശുദ്ധിയോടെ മടങ്ങേണ്ട ഗതികേടാണുള്ളത്. മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടനകാലത്ത് വിരിവയ്ക്കുവാന്‍ ഷെഡുകള്‍ നിര്‍മ്മിച്ച് കക്കൂസുകള്‍ നില്ക്കുന്ന പ്രദേശം ഗ്രാവലടിച്ച് ഉയര്‍ത്തി വൃത്തിയാക്കിയും ഭക്തര്‍ക്ക് കഞ്ഞിവച്ച് നല്കുന്ന കഞ്ഞിപ്പുര വൃത്തിയാക്കിയും സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ കഞ്ഞിപ്പുരയിലെ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ പോലും തയാറായിട്ടില്ല.
പൂര്‍ണമായും തകര്‍ച്ച നേരിടുകയാണ് കഞ്ഞിപ്പുര. അടിയന്തരമായി യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഇടത്താവളങ്ങളിലെ കാണിക്കവഞ്ചികളില്‍ അയ്യപ്പന്മാരെ കൊണ്ട് കാണിക്ക ഇടാത്ത തരത്തില്‍ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് തകഴി ക്ഷേത്രത്തോട് കാട്ടിയത് കൊടിയ വഞ്ചനയാണെന്ന് അയ്യപ്പ ഭക്തന് പല്ലവി രവീന്ദ്രന്. ക്ഷേത്തിലെത്തുന്ന അയ്യപ്പന്മാര്ക്ക് വിരി ഷെഡുകള്‍ നിര്‍മ്മിച്ചിട്ടില്ല. കഞ്ഞിപ്പുരയില്‍ മാലിന്യം നിറച്ചും കക്കൂസുകള്‍ ഉപയോഗശൂന്യമാക്കുകയൂം ചെയ്ത ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധമുയരണം. ഇതിന് പരിഹാരം കാണിക്കവഞ്ചികളില്‍ പണമിട്ട് വരുമാനം കൂട്ടാതിരിക്കലാണെന്നും രവീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: