കൊച്ചി: റവന്യൂ ജില്ലാ സ്കൂള്‍ കായിക മേളയുടെ ആദ്യദിനം ചിത്രത്തിലിടം നേടിയത് കോതമംഗലം ഉപജില്ല മാത്രം. മാര്‍ ബേസില്‍, സെന്റ് ജോര്‍ജ്ജ്, മാതിരപ്പിള്ളി സ്കൂളുകളുടെ കരുത്തില്‍ 233 പോയിന്റുകളോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കോതമംഗലം ഉപജില്ലയുടെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ഉപജില്ലയുടെ അക്കൗണ്ടിലുള്ളത് 31 പോയിന്റുകള്‍ മാത്രം. 24 പോയിന്റോടെ വൈപ്പിന്‍ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. പെരുമ്പാവൂര്‍ (10), അങ്കമാലി (10), ആലുവ (6), മൂവാറ്റുപുഴ (6), നോര്‍ത്ത് പറവൂര്‍ (5), പിറവം (4), തൃപ്പൂണിത്തുറ (2) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില. മട്ടാഞ്ചേരി, കൂത്താട്ടുകുളം, കോലഞ്ചേരി, കല്ലൂര്‍ക്കാട് ഉപജില്ലകള്‍ക്ക് ആദ്യ ദിനം പോയിന്റൊന്നും നേടാനായില്ല.
31 ഫൈനലുകള്‍ പൂര്‍ത്തിയായ ആദ്യദിനം സ്വര്‍ണ വേട്ടയിലും കോതമംഗലം എതിരാളികളെ നിഷ്പ്രഭരാക്കി. കോതമംഗലം 27 സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ എറണാകുളം മൂന്നും വൈപ്പിന്‍ ഒരു സ്വര്‍ണവും നേടി. 18 വെള്ളിയും 19 വെങ്കലവും കോതമംഗലത്തിന്റെ അക്കൗണ്ടിലുണ്ട്. കോതമംഗലം സ്കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആദ്യ ദിനം മാര്‍ ബേസില്‍ മുന്നിലെത്തി. 12 സ്വര്‍ണവും 4 വെള്ളിയും 6 വെങ്കലവുമടക്കം 73 പോയിന്റാണ് മാര്‍ബേസിലിന്റെ സമ്പാദ്യം. 6 സ്വര്‍ണവും 9 വെള്ളിയും 13 വെങ്കലവും നേടി 70 പോയിന്റുകളുമായി പോയ വര്‍ഷത്തെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ്ജ് സ്കൂള്‍ തൊട്ടുപിറകിലുണ്ട്. 40 പോയിന്റുകളുള്ള മാതിരപ്പിള്ളി സര്‍ക്കാര്‍ സ്കൂളാണ് പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ളത്. അഞ്ചു വീതം സ്വര്‍ണവും വെള്ളിയുമാണ് മാതിരപ്പിള്ളിയുടെ സമ്പാദ്യം. മേഴ്സിക്കുട്ടന്‍ അത്ലറ്റിക് അക്കാദമിയിലെ താരങ്ങളുടെ ബലത്തില്‍ തേവര സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടി. ഫീല്‍ഡിനങ്ങള്‍ക്ക് പുറമേ ട്രാക്കിലും നടത്തിയ മികച്ച പ്രകടനമാണ് മാര്‍ ബേസിലിനെ മുന്നിലെത്തിച്ചത്.
ട്രാക്കിനങ്ങളില്‍ സെന്റ് ജോര്‍ജ്ജിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. റെക്കോഡ് നേട്ടങ്ങളൊന്നും ആദ്യദിനം ഉണ്ടായില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പിലും ലോങ്ജമ്പിലും മാര്‍ബേസിലിന്റെ അശ്വതി ഷാജന് നേടിയ ഇരട്ട സ്വര്‍ണമാണ് ആദ്യദിനത്തിലെ ശ്രദ്ധേയനേട്ടം. 4-100 മീറ്റര്‍ റിലേയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലൊഴികെ മറ്റെല്ലാ വിഭാഗങ്ങളിലും കോതമംഗലം സ്വര്‍ണം തൂത്തുവാരി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ വൈപ്പിന്‍ ഉപജില്ലക്കാണ് സ്വര്‍ണം.
കോതമംഗലത്തിന് ഒറ്റ മെഡല്‍ പോലും ലഭിച്ചില്ല. എറണാകുളം വെള്ളിയും അങ്കമാലി വെങ്കലവും നേടി. കായിക അധ്യാപകരുടെ സമരം കാരണം ബുധനാഴ്ച്ച നടക്കേണ്ട മത്സരങ്ങളാണ് ഇന്നലെ നടത്തിയത്. ഇന്ന് 33 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. മീറ്റ് നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: