കൊല്ലം: അഴിമതിയുടെ പരസ്പര സഹകരണസംഘമാണ് കേരളത്തിലെ ഇടതുവലതു മുന്നണികളെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്. പത്മകുമാര്‍. ബാറിടപാടില് കോടികള്‍ കോഴ വാങ്ങിയ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന താലൂക്കോഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന് നല്കിയ വോട്ട് ജനങ്ങള്‍ക്ക് മേല്‍ ഇപ്പോള്‍ ഒരു ബോംബായി മാറിയിരിക്കുകയാണെന്ന് പത്മകുമാര്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധത്തിന് സമരരൂപം നല്‍കുകയാണ് ബിജെപി. ഉമ്മന്‍ചാണ്ടിയും പിണറായിവിജയനും കൈകോര്‍ത്താണ് കേരളത്തില്‍ അഴിമതി ഭരണം നടത്തുന്നത്. സോളാര്‍, ബാര്‍ വിവാദങ്ങളില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ സംരക്ഷിച്ചുനിര്‍ത്തുകയാണ് ഇടതുമുന്നണിയെന്നും ബിജെപി നേതാവ് ആരോപിച്ചു.
ബാര്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഇടത് നിലപാട് ദുരൂഹമാണ്. സോളാര്‍ സമരം അട്ടിമറിക്കാന്‍ സൃഷ്ടിച്ച രഹസ്യധാരണ പോലെ ചിലത് ഈ വിഷയത്തിലും ഉണ്ട്. കോണ്‍ഗ്രസിനുള്ളിലെ അധികാര വടംവലിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയും വി.എം. സുധീരനും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പത്മകുമാര്‍ ചൂണ്ടിക്കാട്ടി. നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടി മദ്യോപഭോഗം കുറയ്ക്കണമെന്ന് സുധീരന് പറഞ്ഞപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് മത്സരിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്.
ഫ്ളക്സ് ഉപയോഗം കുറയ്ക്കണമെന്ന് സുധീരന് പറഞ്ഞപ്പോള്‍ ഫ്ളക്സ് നിരോധിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. സര്‍ക്കാരിലോ മുന്നണിയിലോ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായോ ആലോചിക്കാതെയാണ് ഉമ്മന്‍ചാണ്ടി മദ്യനയം കൊണ്ടുവന്നത്. കോടതിയില്‍പോയാല്‍ നിലനില്‍ക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഈ ജനവഞ്ചനാനയം കൊണ്ടു വന്നതെന്ന് പത്മകുമാര്‍ ചൂണ്ടിക്കാട്ടി.
മാണി കോഴ വാങ്ങിയെന്ന് ആരോപണമുയര്‍ന്നപ്പോള്‍ അതൊന്നും അന്വേഷിക്കേണ്ട കാര്യമേ ഇല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മാണിക്ക് മാത്രമല്ല മറ്റ് പല മന്ത്രിമാര്‍ക്കും കോഴ കൊടുത്തതായി വിവരമുണ്ട്. ഒന്നും അന്വേഷിക്കേണ്ടതില്ലെന്ന പ്രഖ്യാപനം ജനങ്ങളെ വെല്ലുവിളിക്കലാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി മാലുമേല്‍ സുരേഷ് സ്വാഗതവും വെള്ളിമണ്‍ ദിലീപ് നന്ദിയും പറഞ്ഞു. കൊല്ലം റസ്റ്റ്ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് താലൂക്കോഫീസിനു മുന്നില്‍ സമാപിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ബി. രാധാമണി, രാജിപ്രസാദ്, ദക്ഷിണമേഖലാ ജനറല്‍സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, സംസ്ഥാന സമിതിയംഗം മൗട്ടത്ത് മോഹനന് ഉണ്ണിത്താന്കര്ഷകമോര്ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ആയൂര്‍ മുരളി, ജില്ലാ വൈസ്പ്രസിഡന്റുമാരായ എസ്. ദിനേഷ്കുമാര്‍, മാമ്പുഴ ശ്രീകുമാര്‍, ദേവകിയമ്മ ജി.പിള്ള, സെക്രട്ടറിമാരായ ബി.ഐ. ശ്രീനാഗേഷ്, പി. ശിവന്, പൂന്തോട്ടം സത്യന്, പന്നിമണ്രാജേന്ദ്രന്, ട്രഷറര്‍ ബിജു നീലാംബരന്‍, നേതാക്കളായ ബൈജു ചെറുപൊയ്ക, വസന്താ ബാലചന്ദ്രന്, കണ്ണാട്ട് രാജേന്ദ്രന്, എം. ഷിജിന്, അഡ്വ. ഗോപകുമാര്‍, അഡ്വ. വേണുഗോപാല്‍, ആര്.എസ്. പ്രമോദ്, അഡ്വ. കൈലാസ്, നിയോജക മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: