ശാസ്താംകോട്ട: ധര്‍മ്മശാസ്താക്ഷേത്രത്തിലെ സ്വര്‍ണകൊടിമരം ക്ലാവ് പിടിച്ച സംഭവത്തില്‍ കൊടിമരം പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. അതേസമയം വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരന് ഹര്‍ജി നല്കി.
ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചതുമായി ബന്ധപ്പെട്ട് ശ്രീധര്മ്മശാസ്താഭക്തജനസമിതി ജനറല്‍സെക്രട്ടറി മണികണ്ഠന് നല്കിയ പരാതിയിലാണ് പരിശോധനയ്ക്ക് ഡിവിഷന് ബെഞ്ചിലെ ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്, പി.ബി.സുരേഷ്കുമാര്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചത്.
കൊടിമരം സ്വര്‍ണം പൂശുന്നതിനു വേണ്ടത്ര സ്വര്‍ണം ഉപയോഗിച്ചില്ലെന്ന ആരോപണമാണ് പരിശോധിക്കുന്നത്. കൊടിമരത്തിലെ ക്ലാവ് പിടിച്ച പറകള്‍ ഇളക്കി ഫോറന്‍സിക്ക് ലാബില്‍ പരിശോധന നടത്തിയാലെ കാരണം വ്യക്തമാകൂവെന്ന് ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം പോലീസ് സൂപ്രണ്ട് കോടതിയില്‍ അറിയിച്ചിരുന്നു.
ഉപയോഗിച്ചതില്‍ ബാക്കിവന്ന സ്വര്‍ണം ആറന്മുളയില് ദേവസ്വം സ്ട്രോങ് റൂമില്‍ സൂക്ഷിച്ചതും പരിശോധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പരിശോധനയ്ക്ക് അനുമതി നല്കിയ കോടതി തന്ത്രിയുടെ മന്ത്രവിധി പ്രകാരമേ കൊടിമരം ഇളക്കാവൂ എന്നും അഡ്വക്കേറ്റ്, കമ്മീഷണര്‍, ദേവസ്വം അധികൃതര്‍, ക്ഷേത്രഉപദേശകസമിതി എന്നിവരുടെയും സാന്നിധ്യത്തിലാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊടിമരത്തിലെ പറകള്‍ കൃത്യമായി പരിശോധിക്കുന്നതിലേക്കും ഫോറന്‍സിക്ക് ലബോറട്ടറി ഡയറക്ടറുടെ സേവനവും കോടതി ആവശ്യപ്പെട്ടു.
അതേസമയം ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം സ്വാതന്ത്ര്യവും നീതിയുക്തവുമാവില്ലെന്നതിനാല് സിബിഐ അന്വേഷണം ഏര്‍പ്പെടുത്തണമെന്ന് പരാതിക്കാരന്റെ അഭിഭാഷകന് കെ.സുഭാഷ് ചന്ദ്രബോസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ക്രമക്കേടില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും നേതാക്കളും തങ്ങള്‍ക്കു താല്പര്യമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് നിയോഗിച്ചതെന്നും സംശയമുണ്ട്.
സ്വര്ണക്കൊടിമരസ്ഥാപനവുമായി ബന്ധപ്പെട്ട് നിരവധി അഴിമതികളും ക്രമക്കേടും നടന്നിട്ടുണ്ട്. അതുകൂടി വെളിച്ചത്തുവരേണ്ടതുണ്ടെന്നും ക്ഷേത്രവസ്തുതകള് നഷ്ടമായതും അന്വേഷിക്കാനുണ്ടെന്നും സിബിഐയോ ക്രൈംബ്രോഞ്ച് പ്രത്യേക വിഭാഗമോ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: