തുറവൂര്‍: അവഗണനയില്‍ നശിക്കുന്ന കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡിനെ കരുമാഞ്ചേരിയുമായി ബന്ധിപ്പിക്കുന്ന നീണ്ടകര പാലത്തിന് ബിജെപി പ്രവര്‍ത്തകര്‍ പ്രതീകാത്മക ശവസംസ്കാരം നടത്തി. പാലം അപകടാവസ്ഥയിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിക്കാന്‍ പഞ്ചായത്ത് അംഗവും പഞ്ചായത്ത് ഭരണസമിതിയും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി 86, 87 ബൂത്ത് കമ്മറ്റികള്‍ സംഘടിച്ച് സമരം നടത്തിയത്. പ്രതീകാത്മകമായി ശവമഞ്ചവുമായി പാലത്തിലേക്ക് പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ തുടര്‍ന്ന് പാലത്തില്‍ ശവമഞ്ചം സമര്‍പ്പിക്കുകയും സംസ്കരിക്കുകയും ചെയ്തു. പിന്നീട് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബൂത്ത് കമ്മറ്റി പ്രസിഡന്റ് ചാള്‍സ് യോഹന്നാന് മാര്‍ച്ചിന് നേതൃത്വം നല്കി.
അരൂര്‍ നിയോജക മണ്ഡലം ട്രഷറര്‍ എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് തങ്കച്ചന് വിനാംസി, എസ്.വി. അനില്‍കുമാര്‍, സി.എം. അശോകന്, പി. ഷാബു, കെ. ജയകൃഷ്ണന്, അഗസ്റ്റിന് ബിനു, പി.കെ. ബൈജു എന്നിവര്‍ പ്രസംഗിച്ചു. പാലം പണി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ വരുന്ന ക്രിസ്തുമസ് ദിനത്തില്‍ പാലത്തില്‍ ക്രിസ്തുമസ് സദ്യ ഒരുക്കി പ്രതിഷേധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: