ഇടുക്കി : മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ ഉപ യോഗപ്പെടുത്തേണ്ടതായുണ്ടെന്ന് പ്രശസ്ത സാഹിത്യകാരനായ കെ. എല്‍. മോഹനവര്‍മ്മ. മലയാളം ശ്രേഷ്ഠഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവത്കരണത്തിന്റെ പിന്നാലെ പായുന്ന മനുഷ്യന്റെ കച്ചവട പ്രവണതകള്‍ക്കപ്പുറം മാതൃഭാഷയെ സ്നേഹിക്കുന്ന പുതിയ സംസ്കാരം ഉയര്‍ന്ന് വരണം. മൊഴിമാറ്റം വിരല്‍ത്തുമ്പില്‍ സാധ്യമായ ആധുനിക കാലഘട്ടത്തില്‍ മലയാളം ഭാഷയുടെ വളര്‍ച്ചയ്ക്കാവശ്യമായ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും, ശ്രേഷ്ഠ ഭാഷയായ മലയാളത്തെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തികാണിക്കുകയും വേണം. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഗുരുവന്ദനത്തില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എത്തിയ കുട്ടികള്‍ കെ. എല്‍ മോഹനവര്മ്മയില് നിന്നും അനുഗ്രഹം തേടി. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്മാന് എ. എം ഹാരിദ് മോഹന വര്‍മ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. മലയാളം ശ്രേഷ്ഠഭാഷ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം വേദിയില്‍ നടന്നു. തൊടുപുഴ നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ അഡ്വ. ജോസഫ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ആര്. ഡി. ഒ പി. വി. പൗളിന്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. വി. പങ്കജാക്ഷി, എന്‍. രവീന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: