കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആദ്യ ഹോം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഗോവ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ വെല്ലുവിളിക്കാന്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വിരുന്നെത്തുന്നത്. രാത്രി 7നാണ് കളിയുടെ കിക്കോഫ്. ആരാധകരുടെ പിന്തുണ ഊര്ജമാക്കിയാല് ടൂര്‍ണമെന്റിലെ രണ്ടാം വിജയം ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാം.
പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന രണ്ട് ടീമുകളാണ് ബ്ലാസ്റ്റേഴ്സും ഗോവയും. അഞ്ച് മത്സരങ്ങള്‍ കളിച്ച ഇരുസംഘങ്ങള്‍ക്കും ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റുകള്‍ മാത്രം സ്വന്തം. ഇരുവരും മൂന്ന് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞു. ടേബിളില്‍ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തും ഗോവ എഫ്സി എട്ടാമതുമാണിപ്പോള്.
സ്വന്തം മണ്ണിലെ ആദ്യ കാല്‍പ്പന്ത് യുദ്ധത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നില്ല. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്സ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ മൈതാനത്തും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലുമായി കഠിന പരിശീലനം നടത്തി. ഗോവന്‍ ടീമും ഇന്നലെ വൈകിട്ട് പരിശീലിച്ചു.
കഴിഞ്ഞ മത്സരങ്ങളില്‍ പൂനെക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയം കണ്ടത്. അത്ലറ്റികോ ഡി കൊല്‍ക്കത്തയെ സമനിലയ്ക്കും പിടിച്ചു. മറ്റ് കളികളിലെല്ലാം തന്നെ മികച്ച പ്രകടനം നടത്തിയെങ്കിലും പരാജയപ്പെടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. ഇതുവരെ ആറ് ഗോളുകള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് നാലെണ്ണം മടക്കുകയും ചെയ്തു. എങ്കിലും മികച്ചൊരു സ്ട്രൈക്കറുടെ അഭാവം ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്നുണ്ട്. കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം കളംനിറഞ്ഞു കളിക്കുകയും ആരാധകരുടെ മനംകവരുകയും ചെയ്തെങ്കിലും കൂട്ടുകാര്‍ അവസരത്തിനൊത്ത് ഉയരാത്തത് മാര്‍ക്വീതാരവും മാനേജരും ഗോളിയുമായ ഡേവിഡ് ജെയിംസിനെ കുഴയ്ക്കുന്നു. സ്ട്രൈക്കറുടെ റോളിനു പുറമെ പ്രതിരോധത്തിലേക്ക് ഇറങ്ങിച്ചെന്ന് എതിര് മുന്നേറ്റത്തിന്റെ മുനയൊടിക്കുന്നതിലും ഹ്യൂം നിര്‍ണ്ണായക പങ്കുവഹിക്കുന്നു.
മധ്യനിരയില്‍ കളി മെനയുന്നതിനൊപ്പം ഗോളടിക്കാനും ഹ്യൂമിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്സ്. ഹ്യൂമിനൊപ്പം മുന്നേറ്റനിരയില്‍ പന്തുതട്ടുന്ന മലയാളി താരം സബീത്ത് ആകെ ഒരു ഗോള്‍ മാത്രമേ ഇതുവരെ സ്കോര്‍ ചെയ്തിട്ടുള്ളു. ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളാല്‍ തുലച്ചുകളഞ്ഞ അവസരങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. എങ്കിലും മലയാളിയെന്ന നിലയില്‍ സബീത്ത് ഇക്കുറിയും ആദ്യ ഇലവനില്‍ ഇടംപിടിക്കും. പകരക്കാരന്റെ വേഷം കെട്ടുന്ന ക്യാപ്ടന് പെന്‍ ഓര്‍ജിയും യഥാര്‍ത്ഥ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഇന്ന് ഓര്‍ജി ആദ്യ ഇലവനിലുണ്ടാകുമെന്നാണ് സൂചന.
സ്കോട്ട്ലന്റ് താരം സ്റ്റീഫന്‍ പിയേഴ്സണും മെഹ്താബ് ഹുസൈനും പനാമ താരം വിക്ടര്‍ ഹെരേരയും മധ്യനിരയില്‍ മികവ് പുലര്‍ത്തുന്നുണ്ട്. നിര്‍മ്മല്‍ ഛേത്രിയും സെഡ്രിക് ഹെംഗ്ബാര്ട്ടും ജാമി മക്അലിസ്റ്ററും ഗുര്‍വിന്ദര്‍ സിംഗും അടങ്ങുന്ന പ്രതിരോധവും നിലവാരം കാക്കുന്നു.
മറുവശത്ത് ബ്രസീലിയന്‍ ഇതിഹാസം സീക്കോയുടെ പരിശീലനത്തിന് കീഴിലിറങ്ങുന്ന ഗോവ എഫ്സി മുന്‍ മത്സരത്തില്‍ ദല്‍ഹി ഡൈനാമോസിനുമേല് നേടിയ തകര്‍പ്പന്‍ ജയം പകര്‍ന്ന ആത്മവിശ്വാസത്തിലാണ്. സസ്പെന്ഷന് കഴിഞ്ഞ് മാര്‍ക്വീ താരം റോബര്‍ട്ട് പിറസ് തിരിച്ചുവരുന്നതും അവരുടെ ശക്തിയേറ്റും.
ചെന്നൈയിന് എഫ്സിയോടും അത്ലറ്റികോ ഡി കൊല്‍ക്കത്തയോടും പൂനെ സിറ്റിയോടും പരാജയം രുചിച്ച ഗോവ നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡുമായി സമനില പാലിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്ക് താരം മിറോസ്ലാവ് സ്ലെപിക്കയും പോര്‍ച്ചുഗല്‍ താരം മിഗ്വേല്‍ ഹെര്ലിനുമായിരിക്കും ഗോവയുടെ സ്ട്രൈക്കര്‍മാര്‍. പ്രതിരോധത്തില്‍ ബ്രൂണോ പിനേരിയോ, ഗ്രിഗോറി അര്നോലിന്, ആന്ദ്രെ സാന്റോസ് എന്നിവര്ക്കൊപ്പംദേബബ്രത റോയിയും നാരായണ്‍ദാസും വീണ്ടും ഇറങ്ങാനാണ് സാധ്യത. പിറസിനൊപ്പം ജുവല്‍ രാജയും ഗബ്രിയേല്‍ ഫെര്‍ണാണ്ടസും പീറ്റര്‍ കാര്‍വാലോയും മിഡ്ഫീല്‍ഡില്‍ അണിനിരന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: