മുംബൈ: നിക്കോളാസ് അനെല്‍ക്ക എന്ന ഫ്രഞ്ച് സ്റ്റാര്‍ വീണ്ടും തന്റെ പ്രഹരശേഷി കാട്ടി. ആ ബൂട്ടിന്റെ മികവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മുംബൈ സിറ്റിക്ക് രണ്ടാം തുടര്‍ ജയം. അനെല്‍ക്ക ഒരിക്കല്‍ക്കൂടി സ്‌കോര്‍ ചെയ്തപ്പോള്‍ മുംബൈ ഇക്കുറി വീഴ്‌ത്തിയത് ദല്‍ഹി ഡൈനാമോസിനെ (1-0). ജയത്തോടെ ടേബിളില്‍ മുംബൈ (9 പോയിന്റ്) മൂന്നാം സ്ഥാനത്തെത്തി. ഡൈനാമോസ് ഏറെ പിന്നില്‍ (6 പോയിന്റ്, 6-ാംസ്ഥാനം).
ഏറെക്കുറെ വാശിയേറിയ കളിയുടെ 59-ാം മിനിറ്റിലായിരുന്ന അനെല്‍ക്ക വെടിപൊട്ടിച്ചത്. മിഡ്ഫീല്‍ഡില്‍ നിന്നു മറിച്ചു കിട്ടിയ പന്തുമായി വലതുവിങ്ങു വഴികയറിയ സുഭാഷ് സിംഗ് എതിര്‍ പ്രതിരോധഭടനെ വകഞ്ഞു അനെല്‍ക്കയ്‌ക്ക് പാസ് നല്‍കി. ഫ്രഞ്ച് സൂപ്പര്‍ സ്റ്റാറിന്റെ ഇടംകാലന്‍ ഷൂട്ട് തടുക്കാനുള്ള ശേഷി ഡൈനാമോസ് ഗോളി ക്രിസ്റ്റോഫ് വാന്‍ ഹൗട്ടിനുണ്ടായിരുന്നില്ല.
അലക്‌സാന്ദ്രൊ ദെല്‍ പിയറോയെ സൈഡ്‌ബെഞ്ചിലിരുത്തി പന്തു തട്ടിത്തുടങ്ങിയ ഡൈനാമോസിന് ഭൂരിഭാഗം സമയങ്ങളിലും കളി നിയന്ത്രിക്കാനായില്ല. നായകന്‍ സയ്യിദ് നബി പരിക്കേറ്റ് മടങ്ങിയിട്ടും വീര്യംവിടാത്ത മുംബൈ താരങ്ങള്‍ ഡൈനാമോസിനെ പലപ്പോഴും അങ്കലാപ്പിലാക്കി. ദല്‍ഹിയുടെ പാസിംഗിന് പതിവ് ഒഴുക്കുമുണ്ടായിരുന്നില്ല. മറുവശത്ത് ലാല്‍റിന്‍ഡിക റാല്‍റ്റെയും ആന്ദ്രെ മോറിറ്റ്‌സും അനെല്‍ക്കയും ഡൈനാമോസിന്റെ ഗോള്‍ മുഖത്ത് ഭീതിവിതച്ചു.
അവസാന അരമണിക്കൂറിനിടെ ലീഡ് ഉയര്‍ത്താന്‍ മുംബൈയ്‌ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ഡൈനാമോസിനു സമനിലസാധ്യത നല്‍കിയ ചില നീക്കങ്ങള്‍ പകരക്കാരന്റെ കുപ്പായമിട്ട ഡെല്‍ പിയറോ തുലയ്‌ക്കുമ്പോള്‍ ഫൈനല്‍ വിസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക