മാവേലിക്കര: ലോകപ്രശസ്ത ചിത്രകാരനായ രാജാരവിവര്‍മ്മയെ ആസ്പദമാക്കി ചിത്രീകരിച്ച ഹിന്ദി ചിത്രമായ രംഗരസിയയുടെ പ്രദര്‍ശനം മാവേലിക്കര മുന്‍സിഫ് കോടതി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 12 വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാനാണ് മുന്‍സിഫ് പ്രസൂണ്‍ മോഹന്‍ ഉത്തരവിട്ടത്.
രാജാരവിവര്‍മ്മയുടെ യഥാര്‍ത്ഥ കഥയെന്ന തലക്കെട്ടോടു ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ രവിവര്‍മ്മയെ വികലമാക്കിയതായി ആരോപിച്ച് രവിവര്‍മ്മയുടെ ചെറുമകള്‍ മാവേലിക്കര കൊറ്റാര്‍കാവ് രവി വിലാസത്തില്‍ ഇന്ദിരാദേവി കുഞ്ഞമ്മയാണ് കോടതിയെ സമീപിച്ചത്. മുംബൈ സ്വദേശികളായ ചിത്രത്തിന്റെ സംവിധായകന് കേതന് മേത്ത, നിര്‍മ്മാതാക്കളായ ദീപാ സാഹി, ആനന്ദ് മഹേന്ദ്രു എന്നിവരെ പ്രതികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നവംബര്‍ ഏഴിന് പ്രദര്‍ശനം തുടങ്ങാനിരുന്ന ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ യുട്യൂബിലൂടെ പ്രചരിച്ചിരുന്നു. ഇതില്‍ പല ഭാഗത്തും രവിവര്‍മ്മയെ വികലമാക്കിയും അശ്ലീലത ഉള്‍പ്പെടുത്തിയതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. യുട്യൂബിലൂടെ പ്രചരിച്ചിരുന്ന ഭാഗങ്ങള്‍ സിഡിയിലാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
രവിവര്‍മ്മയുടെ യഥാര്‍ത്ഥ ജിവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രത്തില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. ചിത്രത്തില്‍ രവിവര്‍മ്മയുടെ യഥാര്‍ത്ഥ കഥ എന്ന തലക്കെട്ട് മാറ്റി ഭാവനയിലെ കഥ എന്നാക്കണം, രാജാ രവിവര്‍മ്മയുടെ ഫോട്ടോ, വരച്ച ചിത്രങ്ങള്‍ എന്നിവ സിനിമയില്‍ കാണിക്കരുത്, രാജാ രവിവര്‍മ്മയുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന കുറിപ്പ് പ്രദര്‍ശിപ്പിക്കണം.
ഹര്‍ജിക്കാരുടെ വാദം കേട്ട കോടതി പ്രദര്‍ശനാനുമതി താത്ക്കാലികമായി തടയുകയും ഉത്തരവിന്റെ കോപ്പി സ്പീഡ് പോസ്റ്റായും ഇമെയില്‍ അഡ്രസിലും എതിര്‍ഭാഗത്തിനും തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, മൂംബൈ സെന്‍സര്‍ ബോര്‍ഡ്, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് അയച്ചു നല്‍കാനും ഉത്തരവിട്ടു. ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ. ഭാസ്ക്കരന്‍നായര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: