കൊച്ചി: തിരുവല്ല ശ്രീവല്ലഭപുരിയുടെ വര്‍ണ്ണ വിസ്മയം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ നിറഞ്ഞു. തിരുവല്ലക്കാരായ നാലുകലാകാരന്മാരുടെ കൂട്ടായ്മയാണ് ‘ചതുരാത്മ’ എന്ന ചിത്രപ്രദര്‍ശനം.
കലാകാരന്മാരായ സി.പി. പ്രസന്നന്, ആര്‍ട്ടിസ്റ്റ് തന്ത്രി(ദിലീപ് കുമാര്‍), ബിജു ശ്രീമൂലം, പി.എം. പ്രസന്നകുമാര്‍ എന്നിവരുടെ ചിത്രങ്ങളാണ് ചതുരാത്മയില് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
വര്‍ണങ്ങളില്‍ വൃത്യസ്ത വിസ്മയം ഒരുക്കിയാണ് ഈ കലാകൂട്ടായ്മയുടെ മുന്നേറ്റം. സമകാലിക രാഷ്ട്രീയ പ്രതിഭാസങ്ങളുടെ ആവിഷ്ക്കരണവും, സാമൂഹ്യ വിമര്‍ശനവുമാണ് ആര്‍ട്ടിസ്റ്റ് തന്ത്രിയുടെ വരയില്‍ തെളിയുന്നത്.
സി.പി. പ്രസന്നന് കഥകളിയുടെ നവരസങ്ങളും ശ്രീകൃഷ്ണന്റെ രാസകേളികളും യശോദകൃഷ്ണനെയും അബ്സ്ട്രാക്ടിന്റെ നൂതനമായ ശൈലിയില്‍ അക്രിലിക്ക് മീഡിയത്തില്‍ വരച്ചുകാട്ടുന്നു.
ഇന്തോനേഷ്യന്‍ ശൈലിയായ ബാത്തിക് ചിത്രകലാരീതിയിലൂടെ തുണികളില്‍ ഹൈന്ദവ ദൈവങ്ങളെയും കഥകളിയുടെ വിവിധ വേഷപകര്ച്ചകളെയും ആവിഷ്കരിക്കുകയാണ് പി.എം. പ്രസന്നകുമാര്‍.
ബിജു ശ്രീമൂലത്തിന്റെ ഓയില്‍ പെയിന്റിങ്ങില്‍ തീര്‍ത്ത കാര്‍വര്‍ണ്ണനും പഴയകാല കായിക വിനോദങ്ങളിലൊന്നായ മരമടിയുടെ ചിത്രങ്ങളും പ്രാചീന കേരളത്തിനെ ഓര്‍മപ്പെടുത്തുന്നു. പ്രഗത്ഭ ചിത്രകാരന്മാരായിരുന്ന സി. കെ.രാ, കെ.സി.എസ്. പണിക്കര്‍, വി.എസ്.വല്യത്താന് എന്നിവരുടെ ശിഷ്യന്മാരാണ് ഇവര്‍. പ്രദര്‍ശനം ഇന്ന് വൈകിട്ട് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: