ചെങ്ങന്നൂര്‍: മഹാദേവ ക്ഷേത്രത്തിലെ ഗോപുരങ്ങള്‍ തകര്‍ന്ന് ചോര്‍ന്നൊലിക്കാന്‍ തുടങ്ങി മാസങ്ങള്‍ പിന്നിടുന്നു. അവഗണനയില്‍ പ്രതിഷേധിച്ച് ഭക്തര്‍ തകര്‍ന്ന ഭാഗത്ത് ഓലമേഞ്ഞു. പൊട്ടിപ്പൊളിഞ്ഞ പടിഞ്ഞാറെ ഗോപുരത്തിലാണ് ഭക്തര്‍ ഓലമെടഞ്ഞിട്ട് ദേവസ്വം അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ ശ്രമം നടത്തിയത്. ഏതാനും നാളുകളായി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം, തെക്കേ ഗോപുരം, വടക്കേ ഗോപുരവും പൊട്ടിപ്പൊളിഞ്ഞ് തകര്‍ച്ചയുടെ വക്കിലാണ്. ഇതിലെ പൊട്ടിയ ഓടുകള്‍ ഏതുനിമിഷവും ഭക്തരുടെ ശരീരത്തില്‍ വീണ് അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നിട്ടും അധികൃതരുടെ അവഗണനയില്‍ ഭക്തരില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ദേവസ്വംബോര്‍ഡ് അംഗങ്ങളെ ഗോപുരങ്ങളുടെ ശോചനീയവസ്ഥ നേരിട്ട് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, നടപടി സ്വീകരിക്കാം എന്ന് അറിയിച്ചു മടങ്ങുകയല്ലാതെ തുടര്‍ നടപടികള്‍ നാളിതുവരെ ആരംഭിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല. മുന്‍പ് പടിഞ്ഞാറേ ഗോപുരത്തില്‍ വൈദ്യുതി ഇല്ലാതെ ആറുമാസക്കാലത്തോളം ഭക്തര്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് അറ്റകുറ്റപണികള്ക്കെങ്കിലും ഇവര്‍ മുതിര്‍ന്നത്. ഇത്തരത്തിലുളള അവഗണനയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരും, ഭക്തരും ഇപ്പാള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ശബരിമല തീര്ത്ഥാടനകാലമാകുന്നതോടെ വന്‍ തിരക്കാണ് പ്രധാന ഇടത്താവളമായ ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. അയ്യപ്പ ഭക്തരടക്കമുള്ളവര്‍ വിശ്രമങ്ങള്ക്കുന്നത് പൊട്ടിപ്പൊളിഞ്ഞ ഗോപുരങ്ങള്‍ക്ക് ഉള്ളിലാണെന്നത് അപകടഭീതി ഉയര്‍ത്തുന്നുണ്ട്.
ആഗസ്റ്റില്‍ മൂന്ന് ഗോപുരങ്ങളും തകര്‍ച്ചയിലാണെന്നും ഇതിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് മാവേലിക്കര എഇയ്ക്ക് നല്‍കിയിട്ടുണ്ടെന്നും, തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നുമാണ് ദേവസ്വം അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: