ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ വ്യാപകമായി സ്ഥലം വാങ്ങിക്കൂട്ടിയവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ്-റവന്യൂ-രജിസ്ട്രേഷന് വകുപ്പുകള്‍ സംയുക്തപരിശോധന നടത്തും. ജലാശയങ്ങളുടെ കൈയേറ്റവും പരിശോധിക്കും. അനധികൃതപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും.തീരദേശസുരക്ഷയുമായി ബന്ധപ്പെട്ട് കളക്ടര്‍ എന്‍. പത്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കടലോരമേഖലയിലും മറ്റും എത്തുന്നവരുടെയും തദ്ദേശവാസികളുടെയും സുരക്ഷയ്ക്കായി പോലീസിന്റെ ഡൈവിങ് ടീം രൂപീകരിക്കാനുള്ള ശുപാര്‍ശ സംസ്ഥാനസര്‍ക്കാരിനു നല്‍കും.
നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സേവനമാണ് അടിയന്തരസന്ദര്‍ഭങ്ങളില്‍ ലഭ്യമാക്കുന്നത്. എന്നാല്‍ ജില്ലയില്‍ അവര്‍ക്ക് ക്യാമ്പ് ഇല്ലാത്തതിനാല്‍ പെട്ടെന്ന് എത്തിച്ചേരാന്‍ പ്രയാസമുണ്ടാകുന്നു. തന്മൂമൂലമുള്ള ഗുരുതരാവസ്ഥ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ നടപടി അത്യാവശ്യമാണ്. തീരദേശ പോലീസ് സ്റ്റേഷനുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കത്തക്കവിധം പോലീസിന്റെ ഡൈവിങ് ടീം സജ്ജമാക്കിയാല്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് അഭിപ്രായമുയര്‍ന്നു. ആലപ്പുഴ നഗരത്തില്‍ രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കും. ക്രമസമാധാനപാലനത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കെ. ബാലചന്ദ്രന് അറിയിച്ചു.
കാട്ടൂരില്‍ പുതിയ പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതനുസരിച്ച് പോലീസ് മേധാവി പുതുക്കിയ റിപ്പോര്‍ട്ട് നല്‍കും. തീരപ്രദേശത്തു കണ്ടല്‍ക്കാട് വച്ചുപിടിപ്പിക്കാന്‍ സാമൂഹ്യവനവത്കരണവിഭാഗം, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട പരിപാടി സംഘടിപ്പിക്കും. ക്രിസ്മസ് അവധിക്കാലത്തെ ക്യാമ്പിനോടനുബന്ധിച്ചായിരിക്കും ഇത്. അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
തീരത്തുനിന്ന് മാറി ചിലര്‍ ഒന്നിലധികം ബോട്ടുകള്‍ ഉപയോഗിച്ച് ഒറ്റവല വലിച്ച് മത്സ്യബന്ധനം നടത്തുകയും കടലിലെ ജൈവസമ്പത്തും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ബോട്ടും നശിപ്പിക്കുകയും ചെയ്യുന്ന പ്രവണത തടയാന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിക്കും. നവംബര്‍ നാലു മുതല്‍ ഒമ്പതു വരെ ദേശീയദുരന്തനിവാരണസേനയുടെ ടീം ജില്ലയില്‍ ബോധവത്കരണപരിപാടികളും രക്ഷാപ്രവര്ത്തനനടപടികളുടെ പ്രദര്‍ശനവും നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു. സുനാമി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവയുണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തരനടപടികള്‍ സംഘം വിശദീകരിക്കും. സേന സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തുന്ന പരിപാടികളില്‍ ആദ്യത്തേത് ആലപ്പുഴയിലാണ്. തദ്ദേശസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: