ചേര്‍ത്തല: അപകടരഹിത മാതൃകാ ഇടനാഴിയായി പ്രഖ്യാപിച്ച ചേര്‍ത്തല-മണ്ണുത്തി പാത ചോരക്കളമാകുന്നു. ആറു മാസങ്ങള്‍ക്കുള്ളില്‍ ഇവിടെ അപകടങ്ങളില്‍ മരിച്ചത് പത്തോളം പേര്. കഴിഞ്ഞ ദിവസം എരമല്ലൂര്‍ കണ്ണംകുളങ്ങരയില്‍ നടന്ന അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ സിബി, നിഖില്‍ എന്നിവരുടെ മരണമാണ് ഇതില്‍ അവസാനത്തേത്. പരിക്കുകളോടെ രക്ഷപെട്ട അപകടങ്ങളും നിരവധി.
ദേശീയപാതയോരത്ത് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുള്ള ബസ് ബേകള്‍ കച്ചവടക്കാര്‍ കയ്യേറിയതോടെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതും അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയിലെ എല്ലാ ജങ്ഷനുകളിലും ബസ്ബേകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇവിടൊന്നും പാര്‍ക്ക് ചെയ്യാനാകുന്നില്ലെന്നാണ് വാഹന ഉടമകളുടെ പരാതി. ഇതിനാല്‍ ലോറികളും മറ്റു വാഹനങ്ങളും റോഡിലേക്ക് കയറ്റി പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
അമിതവേഗത്തിലെത്തുന്ന വാഹനങ്ങള്‍ തൊട്ടടുത്ത് എത്തുമ്പോഴാണ് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കാണുന്നത്. രാത്രികാലങ്ങളിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലും നടക്കുന്നത്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടര്‍വാഹന വകുപ്പോ, ഹൈവേ പോലീസോ യാതൊരു നടപടികളും എടുക്കുന്നില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രാത്രികാലങ്ങളില്‍ പാതയിലെ വെളിച്ചക്കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മീഡിയനില്‍ നിരവധി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പകുതിയിലധികവും പ്രവര്‍ത്തന രഹിതമാണ്. സൈക്കിള്‍ യാത്രക്കാരെയും, റോഡ് മുറിച്ചു കടക്കുന്നവരെയും വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ് വലിയവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാണുന്നത്.
ദേശീയപാതയില്‍ രൂപപ്പെട്ട കുഴികളും യാത്രക്കാര്‍ക്ക് കെണിയാകുന്നു. കുഴികള്‍ കണ്ട് പെട്ടെന്ന് വെട്ടിക്കുമ്പോളാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പെടുന്നത്. വാഹനങ്ങളുടെ അമിതവേഗത തടയുന്നതിനായി മാതൃക ഇടനാഴിയില്‍ നിരവധി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ക്യാമറ/റക്ക് മുന്നിലെത്തുമ്പോള്‍ വേഗത കുറയ്ക്കുകയും പിന്നീട് വേഗം കൂട്ടുകയും ചെയ്യും. ഓരോ വാഹനങ്ങളുടെയും ദേശീയപാതയിലെ അനുവദനീയമായ വേഗത മീഡിയനിലെ ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും അത് പാലിക്കാറില്ല. റോഡുകള്‍ ചോരപ്പുഴയാകുമ്പോള് മാത്രമാണ് അധികൃതര്‍ നടപടികളുമായി മുന്നോട്ടു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: